‘ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനം’; പുടിന് റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗീത പ്രചോദനമാണെന്ന് മോദി അഭിപ്രായപ്പെട്ടു.
ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കിയ ശേഷമാണ് മോദി സമ്മാനം കൈമാറിയത്. വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള കാര്‍ യാത്ര ഇരു നേതാക്കള്‍ക്കുമിടയിലെ അടുത്ത ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വ്യക്തമാക്കി.
നാല് വര്‍ഷത്തിന് ശേഷമാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രതിരോധം, വ്യാപാരം, ശാസ്ത്രസാങ്കേതികവിദ്യ, സാംസ്‌കാരിക സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഇരു നേതാക്കളും 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും.
ഇന്ത്യ-റഷ്യ ബന്ധത്തിന് ചരിത്രപരമായ സ്വഭാവമുണ്ടെന്ന് മുന്‍ നയതന്ത്രജ്ഞന്‍ അരുണ്‍ സിംഗ് അഭിപ്രായപ്പെട്ടു. യുഎന്‍ സുരക്ഷാ സമിതി ഉള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങളില്‍ റഷ്യ ഇന്ത്യക്ക് നല്‍കിയ രാഷ്ട്രീയ പിന്തുണയും. ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള സൈനിക നടപടികളില്‍ എസ് 400, ബ്രഹ്മോസ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സഹായങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
വാണിജ്യത്തിലും സാമ്പത്തിക സഹകരണത്തിലും ഇരു രാജ്യങ്ങളും വളരെ നല്ല ഭാവിയാണ് കാണുന്നതെന്നും, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് റഷ്യന്‍ വിപണി തുറന്നുകൊടുക്കുക എന്നതാണ് നിലവിലെ മുന്‍ഗണനയെന്നും മോസ്‌കോ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ ലിഡിയ കുലിക് പറഞ്ഞു. സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും പുതിയ അജണ്ടകള്‍ നിശ്ചയിക്കാനുള്ള അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.