ഷോക്കേറ്റ് പിടഞ്ഞ പാമ്പിനെ കൃത്രിമ ശ്വാസം നൽകി രക്ഷിച്ച് യുവാവ്; കൈയടിച്ച് സോഷ്യല്‍ മീഡിയ
ഗാന്ധിനഗര്‍: മനുഷ്യർക്ക് സിപിആർ (CPR) നൽകി ജീവൻ രക്ഷിക്കുന്ന വാർത്തകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ പാമ്പിന് കൃത്രിമ ശ്വാസം നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന അപൂർവ്വ ദൃശ്യങ്ങൾക്കാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. ഗുജറാത്തിലെ വൽസാദിൽ, വൈദ്യുതാഘാതമേറ്റ പാമ്പിന് വായയോട് വായ ചേർത്ത് ശ്വാസം നൽകി രക്ഷിച്ച വന്യജീവി രക്ഷാപ്രവർത്തകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വൽസാദിലെ വന്യജീവി രക്ഷാപ്രവർത്തകനായ മുകേഷാണ് ഈ ധീരമായ പ്രവൃത്തി ചെയ്തത്. ഷോക്കേറ്റതിനെ തുടർന്ന് ചലനമറ്റ നിലയിലായിരുന്നു പാമ്പ്. ഉടൻ തന്നെ മുകേഷ് പാമ്പിന്റെ വായയിലേക്ക് കൃത്രിമ ശ്വാസം നൽകാൻ ആരംഭിച്ചു. അല്പസമയത്തിനുള്ളിൽ പാമ്പ് അനങ്ങുകയും ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.
ഇന്ത്യൻ റാറ്റ് സ്‌നേക്കിനെ (Indian Rat Snake – Ptyas mucosa) അഥവാ നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ‘ചേര’യെയാണ് മുകേഷ് രക്ഷിച്ചത്. വിഷമില്ലാത്ത ഇനമാണിത്. വേഗത്തിൽ സഞ്ചരിക്കുന്നതിനാലും വലുപ്പം കാരണവും പലപ്പോഴും വിഷമുള്ള മൂർഖൻ പാമ്പാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഇവയെ ഉപദ്രവിക്കാറുണ്ട്. എന്നാൽ ഇവ മനുഷ്യർക്ക് അപകടകാരികളല്ലെന്ന് മാത്രമല്ല, എലികളെയും മറ്റും പിടിച്ച് കീടനിയന്ത്രണത്തിന് സഹായിക്കുന്നവയുമാണ്.
മുകേഷിന്റെ സമയോചിതമായ ഇടപെടലിനെയും ജീവകാരുണ്യത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു.