‘വന്ദേമാതരം മുറിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം സംഭവിക്കില്ലായിരുന്നു’; കോൺഗ്രസിനും നെഹ്റുവിനുമെതിരെ വിമര്‍ശനവുമായി അമിത് ഷാ
ന്യൂഡൽഹി: വന്ദേമാതരത്തെ ‘വിഭജിച്ച’ ദിവസമാണ് രാജ്യത്ത് പ്രീണന രാഷ്ട്രീയം തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം തന്നെ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയായിരുന്നു അമിത് ഷാ.
വന്ദേമാതരം പൂർണമായി അംഗീകരിക്കുന്നതിന് പകരം രണ്ട് ചരണങ്ങളായി വെട്ടിച്ചുരുക്കിയ തീരുമാനം ചരിത്രപരമായ തെറ്റായിരുന്നു. വന്ദേമാതരം വിഭജിക്കപ്പെട്ട ആ ദിവസമാണ് ഇന്ത്യയിൽ പ്രീണന രാഷ്ട്രീയം ആരംഭിച്ചത്. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ രാജ്യത്തിന്റെ വിഭജനം പോലും സംഭവിക്കില്ലായിരുന്നുവെന്നും ഷാ വാദിച്ചു.
ചരിത്രപരമായി കോൺഗ്രസ് വന്ദേമാതരത്തിൽ നിന്ന് അകലം പാലിക്കുകയാണെന്ന് ഷാ ആരോപിച്ചു. ജവഹർലാൽ നെഹ്‌റുവിന്റെ കാലത്ത് വന്ദേമാതരത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഗാനം രണ്ട് ചരണങ്ങളിലേക്ക് പരിമിതപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ഈ പഴയ തീരുമാനങ്ങളാണ് ഇന്നും കോൺഗ്രസിന്റെ അസ്വസ്ഥതയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ പ്രേരിതമല്ല. അതിർത്തിയിൽ ജീവൻ ത്യജിക്കുന്ന ഓരോ സൈനികനും അന്ത്യനിമിഷത്തിൽ വിളിക്കുന്നത് ‘വന്ദേമാതരം’ എന്ന മുദ്രാവാക്യം മാത്രമാണ്. ദേശീയ ചിഹ്നങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ദുർബലപ്പെടുത്തരുതെന്നും, ദേശീയ അഭിമാനം ഉയർത്തിപ്പിടിക്കാനാണ് ഇത്തരം ചർച്ചകളെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.