ഇന്ത്യൻ കോസ്റ്റ് ഗാർഡിൻറെ ‘സാർഥക്’ കുവൈത്തിൽ
കുവൈത്ത്: ഗൾഫ് മേഖലയിലെ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അത്യാധുനിക പട്രോളിംഗ് കപ്പലായ ‘സാർഥക്’ കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെത്തി. തിങ്കളാഴ്ചയാണ് കപ്പൽ കുവൈത്ത് തീരത്തെത്തിയത്. ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ച ഓഫ്‌ഷോർ പട്രോൾ വെസലായ സാർഥകിന്റെ ഈ സന്ദർശനം ഇന്ത്യയും കുവൈത്തും തമ്മിലുള്ള സമുദ്രബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമാണ്.
മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും ഉറപ്പാക്കുക എന്ന ഇന്ത്യൻ ലക്ഷ്യത്തിന്റെ ഭാഗമായാണ് കപ്പലിന്റെ വിന്യാസം. സുരക്ഷിതവും ഭദ്രവുമായ സമുദ്രമേഖല നിലനിർത്തുന്നതിൽ വിശ്വസനീയമായ പങ്കാളി എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ സന്ദർശനം.
നാല് ദിവസത്തെ സന്ദർശനത്തിനിടെ, കപ്പലിലെ ഉദ്യോഗസ്ഥർ കുവൈറ്റ് കോസ്റ്റ് ഗാർഡുമായും മുതിർന്ന സമുദ്ര സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തും. സമുദ്ര മലിനീകരണം തടയൽ, കടലിലെ തിരച്ചിലും രക്ഷാപ്രവർത്തനവും, സമുദ്ര നിയമപാലനം എന്നിവയിൽ ഇരു സേനകളും സംയുക്ത പരിശീലനം നടത്തും. ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി യോഗ സെഷനുകളും സൗഹൃദ കായിക മത്സരങ്ങളും സംഘടിപ്പിക്കും.
2024 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ കുവൈറ്റ് സന്ദർശന വേളയിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറിന് പിന്നാലെയാണ് ‘സാർഥക്’ കുവൈറ്റിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് വഴിയൊരുക്കും.
കുവൈറ്റ് സന്ദർശനത്തിന് ശേഷം ‘സാർഥക്’ ഇറാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളും സന്ദർശിക്കും.