ആക്രമണം ഭയന്ന് യുഎസ് സൈനികരെ മാറ്റിപ്പാർപ്പിച്ച ബുബിയാൻ ദ്വീപിലെ താവളത്തിലും മിസൈലിട്ട് ഇറാൻ
കുവൈത്ത് സിറ്റി/തെഹ്‌റാൻ: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്.
ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് സൈന്യം ഉപയോഗിച്ചതായി സൂചനയുണ്ട്. അത്യാധുനിക മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അമേരിക്കൻ സൈനികർക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇറാൻ സൈനിക വക്താവ് അവകാശപ്പെട്ടു. കുവൈത്തിലെ ഏറ്റവും വലിയ തീരദേശ ദ്വീപായ ബുബിയാനിലെ യുഎസ് സൈനികരുടെ സാറ്റലൈറ്റ് ഉപകരണങ്ങളും വെടിക്കോപ്പുകളും ലക്ഷ്യം വെച്ചാണ് ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചത്.
കുവൈത്തിലെ പ്രധാന യുഎസ് താവളമായ അരിഫ്ജാൻ ക്യാമ്പിന് നേരെ ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണം നടത്തിയിരുന്നു. അവിടെനിന്ന് ജീവൻ രക്ഷിക്കാൻ ബുബിയാൻ ദ്വീപിലേക്ക് താവളം മാറ്റിയ സൈനികരെ പിന്തുടർന്നാണ് ഇറാൻ ഇപ്പോൾ കനത്ത പ്രഹരം ഏൽപ്പിച്ചിരിക്കുന്നത്. അമേരിക്കൻ സേനയുടെ ആശയവിനിമയ സംവിധാനങ്ങൾ തകർക്കുക എന്നതായിരുന്നു ഡ്രോൺ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇബ്രാഹിം ദുൽഫുഖാരി വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ ആക്രമണത്തെത്തുടർന്ന് വടക്കൻ കുവൈത്തിലെ ജനവാസ മേഖലകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. ഇതിൽ ആറ് സാധാരണക്കാർക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ദ്വീപിന് സമീപമുള്ള മേഖലകളിൽ വലിയ തോതിലുള്ള സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്.