“തമിഴ്‌നാട് ഇന്ത്യയിലെ ഏറ്റവും വലിയ ‘ഹിന്ദു സംസ്ഥാനം’; ബിജെപിയുടെ ഹിന്തുത്വ അജണ്ട ഇവിടെ ചിലവാകില്ല”- കാർത്തി ചിദംബരം
മധുര: തമിഴ്‌നാട്ടിൽ ക്ഷേത്ര തർക്കങ്ങളും വർഗീയ സംഘർഷങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം. തമിഴ്‌നാട് ഇന്ത്യയിലെ ഏറ്റവും വലിയ “ഹിന്ദു സംസ്ഥാനം” ആണെന്നും, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഇവിടുത്തെ പാരമ്പര്യത്തിനും മതസൗഹാർദ്ദത്തിനും ഭീഷണിയാണെന്നും അദ്ദേഹം തുറന്നടിച്ചു.
“ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഭക്തിയും, ആചാരങ്ങളും, ക്ഷേത്ര ദർശനങ്ങളും ഉള്ള ജനതയാണ് തമിഴ്‌നാട്ടിലേത്. എന്നാൽ ഈ വിശ്വാസം ബിജെപിയുടെ രാഷ്ട്രീയവുമായി ചേർന്നുപോകില്ല. പ്രശ്‌നങ്ങളില്ലാത്തയിടത്ത് വിവാദങ്ങൾ സൃഷ്ടിക്കാനാണ് ബിജെപിയുടെ അനുബന്ധ സംഘടനകൾ ശ്രമിക്കുന്നത്” – അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി വിവിധ മതസ്ഥർ തമിഴ്‌നാട്ടിൽ സൗഹാർദ്ദത്തോടെയാണ് കഴിയുന്നതെന്നും, പുറത്തുനിന്നുള്ളവർ അനാവശ്യമായി ആചാരങ്ങളിൽ ഇടപെടുകയും പുതിയ രീതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നതെന്നും കാർത്തി ചിദംബരം ആരോപിച്ചു.
മധുരയ്ക്ക് സമീപമുള്ള തിരുപ്പരങ്കുണ്ടം മുരുകൻ ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കാർത്തിയുടെ ഈ പ്രതികരണം. 1300 വർഷം പഴക്കമുള്ള ഈ കുന്നിൽ മുരുകൻ ക്ഷേത്രവും ഒരു മുസ്ലീം ദർഗയും സ്ഥിതി ചെയ്യുന്നുണ്ട്. ദർഗയ്ക്ക് സമീപമുള്ള സ്ഥലത്ത് ദീപം തെളിയിക്കാൻ ഹിന്ദു ഭക്തർ ശ്രമിച്ചതും ഇതിനെതിരെ മുസ്ലീം വിഭാഗം രംഗത്തെത്തിയതും സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടർന്ന് മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടത്.
ഈ വിഷയത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പരാമർശവും ചർച്ചയായിരുന്നു. തമിഴ്‌നാട്ടിലെ ഹിന്ദുക്കളുടെ ഉണർവ് ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ പ്രാപ്തമാണെന്നായിരുന്നു ഭഗവതിന്റെ പ്രസ്താവന. എന്നാൽ, ഉത്തരേന്ത്യൻ ശൈലിയിലുള്ള ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമം തമിഴ് ജനത തള്ളിക്കളയുമെന്ന് കാർത്തി ചിദംബരം തിരിച്ചടിച്ചു.