സ്റ്റാലിൻ പരിഗണിച്ചില്ലെങ്കിൽ വിജയ്ക്കൊപ്പം? തമിഴ്‌നാട്ടിൽ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്
ചെന്നെ: 2026-ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചർച്ചകളിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ഡിഎംകെ. നേതൃത്വം നൽകുന്ന മുന്നണിയിൽ തുടരുമ്പോഴും, ഇത്തവണ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന കർശന നിർദേശമാണ് പാർട്ടി ഹൈക്കമാൻഡ് സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്നത്.
ആവശ്യങ്ങൾ ഇങ്ങനെ:
2021-ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ ഇത്തവണ കുറഞ്ഞത് 30 മുതൽ 35 വരെ സീറ്റുകൾ വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. ജില്ലയ്ക്ക് ഒരു സീറ്റ് എന്ന രീതിയിലെങ്കിലും വിഭജനം നടക്കണമെന്നും, പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ വിട്ടുനൽകരുതെന്നും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകൾക്ക് പുറമെ, മന്ത്രിസഭയിൽ സ്ഥാനം കൂടി ഉറപ്പാക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
ചർച്ചകൾ സജീവം:
സീറ്റ് വിഭജന ചർച്ചകൾക്കായി ഗിരീഷ് ചോദങ്കറുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നവംബറിൽ തന്നെ കോൺഗ്രസ് നിയോഗിച്ചിരുന്നു. ഈ സംഘം ഡിസംബർ 3-ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിശദമായ ചർച്ചകൾ നടക്കും.
വിജയ് ഫാക്ടർ:
നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായതാണ് കോൺഗ്രസിന്റെ ഈ നീക്കത്തിന് പിന്നിലെ പ്രധാന ഘടകം. 234 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടി.വി.കെ, ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. വിജയ് കോൺഗ്രസിന് 100 സീറ്റും ഉപമുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഹൈക്കമാൻഡ് അത് തള്ളിക്കളയുകയും ഡി.എം.കെ സഖ്യത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തെങ്കിലും, ഡിഎംകെയിൽ നിന്ന് അർഹിച്ച ബഹുമാനം കിട്ടുന്നില്ലെങ്കിൽ വിജയുടെ ഓഫർ സ്വീകരിക്കാം എന്ന നിലപാടും ഒരു വിഭാഗം നേതാക്കൾക്ക് ഉണ്ട്.
മറ്റ് സഖ്യങ്ങൾ:
ഇക്കഴിഞ്ഞ ഏപ്രിലിൽ എഐഎഡിഎംകെ – ബിജെപി സഖ്യം പുനഃസ്ഥാപിക്കപ്പെട്ടതോടെ മത്സരം കടുക്കുമെന്ന് ഉറപ്പായി. 2026 ഏപ്രിൽ-മേയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വിജയ്‌യുടെ പാർട്ടിയുടെ സാന്നിധ്യം കൂടി കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് മുന്നണി ചർച്ചകൾ പുരോഗമിക്കുന്നത്.