വിശ്വാസവോട്ട് നേടി വിജയ് സർക്കാർ: പിന്തുണച്ച് എഐഎഡിഎംകെ വിമതർ; സഭ വിട്ടിറങ്ങി ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു.എ.ഐ.എ.ഡി.എം.കെയിലെ 25 എം.എൽ.എമാർ കൂറുമാറി വിജയിക്കൊപ്പം നിന്നു.സഭയിലെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പ് നടപടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് ഡിഎംകെയുടെ തീരുമാനം.
അതേസമയം എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. നിലവിൽ സഭയിൽ 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ്ക്ക്, ഷണ്മുഖം പക്ഷത്തുള്ള വിമത എം.എൽ.എമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്. ടിവികെയ്ക്ക് എതിരെ വോട്ട് ചെയ്യാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി പാർട്ടിയുടെ 47 എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
ടി.വി.കെ. അധികാരത്തിലെത്തുന്നത് തടയാൻ എടപ്പാടി കെ. പളനിസാമി ഡിഎംകെയുമായി സഖ്യത്തിന് ശ്രമിച്ചതാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിക്ക് കാരണമെന്ന് നേരത്തേ ഷണ്മുഖം വ്യക്തമാക്കിയിരുന്നു. അമ്പത്തിമൂന്ന് വർഷമായി ഡിഎംകെ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടി അത്തരമൊരു നീക്കം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് നിയമസഭയിലും ടിവികെയെ പിന്തുണച്ചത്.