10/06/2026
[fontresizer_tawhidurrahmandear_widget]

തമിഴ്‌നാട്ടിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; എഐഎഡിഎംകെ മുൻ മന്ത്രിമാർ ടിവികെയിലേക്ക്?

 തമിഴ്‌നാട്ടിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; എഐഎഡിഎംകെ മുൻ മന്ത്രിമാർ ടിവികെയിലേക്ക്?

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ പുനഃസംഘടനയ്ക്ക് വഴിതുറന്ന് എഐഎഡിഎംകെ മുൻ മന്ത്രിമാർ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നേതാക്കളായ സി.വി ഷൺമുഖം, സി വിജയഭാസ്‌കർ എന്നിവർ മറ്റ് ചില മുതിർന്ന നേതാക്കൾക്കൊപ്പം നാളെ പാർട്ടിയുടെ പനായൂർ ആസ്ഥാനത്തെത്തി ടിവികെയിൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ ചലനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് (118) 11 സീറ്റുകൾ കുറവായിരുന്നു. തുടർന്ന് കോൺഗ്രസ്, വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികളുടെ പിന്തുണയോടെ വിജയ് മുഖ്യമന്ത്രിയായി ടിവികെ സർക്കാർ രൂപീകരിക്കുകയായിരുന്നു.

വിശ്വാസ വോട്ടെടുപ്പ് വേളയിൽ എഐഎഡിഎംകെയിലെ എസ്.പി വേലുമണി – സി.വി ഷൺമുഖം വിഭാഗത്തിലെ 25 എംഎൽഎമാരും എഎംഎംകെയിലെ കാമരാജും ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പിന്നാലെ മരഗതം കുമാരവേൽ, ജയകുമാർ, സത്യഭാമ, ഇസക്കി സുബ്ബയ്യ എന്നീ എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു.

വിമതരിൽ ഒരു വിഭാഗം എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലേക്ക് മടങ്ങിയെങ്കിലും സി.വി ഷൺമുഖം, സി. വിജയഭാസ്‌കർ എന്നിവർ പുറത്തുതന്നെയായിരുന്നു. മുൻ മന്ത്രി വെള്ളമാണ്ടി നടരാജൻ നേരത്തെ തന്നെ ടിവികെയിൽ ചേർന്നിരുന്നു. പുതിയ കൂറുമാറ്റങ്ങൾ കൂടി ഉണ്ടാകുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ടിവികെയുടെ ഭരണം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ

Also read: