02/06/2026
[fontresizer_tawhidurrahmandear_widget]

ചരിത്രത്തിലാദ്യം; തമിഴ്നാട്ടിൽ മുസ്‍ലിം ലീഗ് മന്ത്രിസഭയിലേക്ക്; വിജയ് സർക്കാരിൽ ഷാജഹാൻ ന്യൂനപക്ഷക്ഷേമ മന്ത്രിയാകും | IUML in TN Vijay Cabinet

 ചരിത്രത്തിലാദ്യം; തമിഴ്നാട്ടിൽ മുസ്‍ലിം ലീഗ് മന്ത്രിസഭയിലേക്ക്; വിജയ് സർക്കാരിൽ ഷാജഹാൻ ന്യൂനപക്ഷക്ഷേമ മന്ത്രിയാകും | IUML in TN Vijay Cabinet

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് സംസ്ഥാന മന്ത്രിസഭയിലേക്ക്(IUML in TN Vijay Cabinet). നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടി.വി.കെ) സഖ്യസർക്കാരിൽ പാപനാശം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ എ.എം ഷാജഹാൻ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയാകും. സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് ലീഗിന് തമിഴ്നാട് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്.

ചെന്നൈയിൽ ചേർന്ന മുതിർന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് വിജയ് മന്ത്രിസഭയിൽ ചേരാൻ മുസ്ലിം ലീഗ് ഐകകണ്‌ഠ്യേന തീരുമാനിച്ചത്. ഷാജഹാനെ മന്ത്രിസ്ഥാനത്തേക്ക് ശിപാർശ ചെയ്തുകൊണ്ടുള്ള ഔദ്യോഗിക കത്ത് പാർട്ടി നേതൃത്വം ഉടൻ തന്നെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കൈമാറും. അടുത്ത അഞ്ച് വർഷത്തേക്ക് ടി.വി.കെ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും ഷാജഹാൻ വ്യക്തമാക്കി.

മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പുതുതായി 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ തമിഴ്നാട് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 32 ആയി ഉയർന്നു. കോൺഗ്രസിന്റെ രണ്ടു മന്ത്രിമാരും ഇന്ന് അധികാരമേറ്റിട്ടുണ്ട്.

1967-ൽ ഡി.എം.കെ അധികാരത്തിൽ വന്നതുമുതൽ ഇന്നേവരെ തമിഴ്നാട് ഭരിച്ചിരുന്നത് ഏകകക്ഷി ദ്രാവിഡ മന്ത്രിസഭകളായിരുന്നു. ഡി.എം.കെയും അണ്ണാ ഡി.എം.കെയു മാറിമാറി ഭരിക്കുകയായിരുന്നു ഇതുവരെയും. ഈ കാലയളവിലുടനീളം മുസ്ലിം ലീഗ് ഡി.എം.കെ നയിച്ച മതേതര മുന്നണിയുടെ വിശ്വസ്ത പങ്കാളിയായിരുന്നു. സ്വന്തം ചിഹ്നമായ ‘ഏണി’യിലോ ഡി.എം.കെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിലോ മത്സരിച്ച് ലീഗ് പ്രതിനിധികൾ നിരന്തരം നിയമസഭയിൽ എത്തിയിരുന്നു. എന്നാൽ എം. കരുണാനിധിയുടെയും എം.കെ സ്റ്റാലിന്റെയും മന്ത്രിസഭകളെ പുറത്തുനിന്ന് പിന്തുണയ്ക്കുക എന്നതല്ലാതെ, ഭരണത്തിൽ പങ്കാളിത്തം വഹിക്കാനുള്ള അവസരം ലീഗിനു ലഭിച്ചിരുന്നില്ല. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ രൂപംകൊണ്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ കീഴ്വഴക്കം മാറിമറിയുന്നത്.

സ്വാതന്ത്ര്യത്തിന് മുൻപ് മദ്രാസ് പ്രസിഡൻസിയിൽ മുസ്ലിം ലീഗുമായി ബന്ധമുള്ള യാക്കൂബ് ഹസൻ സേട്ടിനെപ്പോലുള്ള നേതാക്കൾ പൊതുമരാമത്ത് മന്ത്രിയായിട്ടുണ്ട്. 1948 മാർച്ചിൽ സ്വതന്ത്ര ഇന്ത്യയിൽ ഐ.യു.എം.എൽ രൂപീകരിക്കപ്പെട്ട ശേഷം തമിഴ്നാട് ഭരണത്തിൽ നേരിട്ട് പങ്കാളിയാകുന്നത് ഇതാദ്യമാണ്.

കോൺഗ്രസ്, വി.സി.കെ, ഐ.യു.എം.എൽ എന്നീ കക്ഷികളെ ഉൾപ്പെടുത്തി മുഖ്യമന്ത്രി വിജയ് മന്ത്രിസഭ വികസിപ്പിച്ചതോടെയാണ് തമിഴ്നാട്ടിൽ ആദ്യമായി ഔദ്യോഗിക മുന്നണി ഭരണം യാഥാർത്ഥ്യമായത്. കഴിഞ്ഞ ദിവസം പുതുതായി 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിസഭയിലെ അംഗസംഖ്യ 32 ആയി ഉയർന്നു. 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസിനും തമിഴ്നാട്ടിൽ മന്ത്രിസ്ഥാനം ലഭിക്കുന്നത്. ആകെ 34 അംഗങ്ങളെ ഉൾപ്പെടുത്താവുന്ന മന്ത്രിസഭയിൽ ബാക്കിയുള്ള രണ്ട് സീറ്റുകളിലൊന്നിലാണ് ലീഗ് പ്രതിനിധിയായി ഷാജഹാൻ ചുമതലയേൽക്കുക.

1967-ൽ ഭരണം നഷ്ടപ്പെട്ടതിന് ശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട് സർക്കാരിന്റെ ഭാഗമാകുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. സി. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് കോൺഗ്രസിൽനിന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ആകെ 34 അംഗങ്ങളെ ഉൾപ്പെടുത്താവുന്ന മന്ത്രിസഭയിൽ ബാക്കിയുള്ള രണ്ട് സീറ്റുകൾ വി.സി.കെ, മുസ്ലിം ലീഗ് എന്നിവർക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.

പുതിയ മന്ത്രിസഭയിൽ ദലിത്, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഏഴ് പേർ മന്ത്രിസഭയിലെത്തി. പുതുതായി മൂന്ന് വനിതകൾ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം നാലായി ഉയർന്നു.

മെയ് 10-നായിരുന്നു മുഖ്യമന്ത്രി വിജയ്യും പത്തംഗ മന്ത്രിസഭയും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ 144 വോട്ടുകൾ നേടി വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചിരുന്നു.

Also read: