‘ബിജെപിക്ക് വേണ്ടി ചെയ്തുകൊടുക്കാൻ ഉള്ളതൊക്കെ ചെയ്തോളൂ.. നിങ്ങളെ സംരക്ഷിക്കാൻ മോദി ഉണ്ടാക്കിയ ആ നിയമം ഞങ്ങൾ മാറ്റും- തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹി രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ റാലിയിൽ സംസാരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പേരെടുത്തു പറഞ്ഞ് രാഹുൽ ഗാന്ധി പരസ്യ വെല്ലുവിളി നടത്തിയത്.
“ബിജെപിക്ക് വേണ്ടി ചെയ്തുകൊടുക്കാൻ ഉള്ളതൊക്കെ ചെയ്തോളൂ.. നിങ്ങളെ സംരക്ഷിക്കാൻ മോദി ഉണ്ടാക്കിയ ആ നിയമം ഞങ്ങൾ മാറ്റും. നിങ്ങൾക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടിയെടുക്കും”- രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ വിവേക് ജോഷി, സുഖ്ബീർ സിങ് സന്ധു എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ വാക്കുകൾ.
ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇപ്പോഴുള്ള നിയമപരമായ പരിരക്ഷ എടുത്തുമാറ്റുമെന്നും, അവർ ചെയ്ത പ്രവൃത്തികൾക്ക് മുൻകാല പ്രാബല്യത്തോടെ വിചാരണ നേരിടേണ്ടി വരുമെന്നുമാണ് രാഹുൽ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി വോട്ട് മോഷണത്തിന് കൂട്ടുനിൽക്കുന്നുവെന്നും ആരോപിച്ചാണ് കോൺഗ്രസ് ഡൽഹിയിൽ പടുകൂറ്റൻ റാലി സംഘടിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ഈ റാലി. ജനാധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ രക്ഷപ്പെടില്ലെന്നും രാഹുൽ വ്യക്തമാക്കി.