27/01/2026

അലന്ദ് വോട്ട് കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിച്ച് എസ്‌ഐടി; ബിജെപി നേതാവ് സുഭാഷ് ഗൂട്ടേദാര്‍ മുഖ്യപ്രതി

 അലന്ദ് വോട്ട് കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിച്ച് എസ്‌ഐടി; ബിജെപി നേതാവ് സുഭാഷ് ഗൂട്ടേദാര്‍ മുഖ്യപ്രതി

ബംഗളൂരു: രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്ന കർണാടകയിലെ ‘അലന്ദ് വോട്ട് കൊള്ള’ കേസിൽ ബിജെപി മുൻ എംഎൽഎ സുഭാഷ് ഗൂട്ടേദാർ, മകൻ ഹർഷാനന്ദ് ഗൂട്ടേദാർ എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിച്ചു. 22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

നിലവിലെ എംഎൽഎയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ബി.ആർ പാട്ടീലിന്റെ പരാതിയിലാണ് നടപടി. കേസിൽ സുഭാഷ് ഗൂട്ടേദാർ ഒന്നാം പ്രതിയും മകൻ രണ്ടാം പ്രതിയുമാണ്.

2023-ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി, തനിക്ക് വോട്ട് ചെയ്യില്ലെന്ന് കരുതുന്ന 5,994 വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനാണ് സുഭാഷ് ഗൂട്ടേദാർ ഗൂഢാലോചന നടത്തിയത്. വോട്ടർ പട്ടികയിൽ നിന്ന് ഓരോ പേര് നീക്കം ചെയ്യുന്നതിനും 80 രൂപ വീതമാണ് ഡാറ്റാ സെന്റർ നടത്തിപ്പുകാർക്ക് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നത്. കുറ്റപത്രത്തിൽ സമർപ്പിച്ചിരിക്കുന്ന 22,000 പേജുകളിൽ 15,000 പേജുകളും സാങ്കേതിക തെളിവുകളാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ അനധികൃതമായി ലോഗിൻ ചെയ്തതിന്റെ ഐ.പി അഡ്രസ് ലോഗുകളും അനുബന്ധ രേഖകളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നുഴഞ്ഞുകയറിയായിരുന്നു തട്ടിപ്പ്.

വഞ്ചന, ആൾമാറാട്ടം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ നടത്തിയ ഈ നീക്കം ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

Also read: