പ്രതിപക്ഷ ബഹളത്തിനിടയിലും ‘വിബി–ജി റാം ജി’പാസാക്കി; പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം,മേശപ്പുറത്ത് കയറി ഹൈബിയും ഡീനും ഷാഫിയും
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയില്‍ തൊഴിലുറപ്പ് നിയമത്തിന് പകരമായുള്ള ‘വിബി-ജി റാം ജി’ (G-RAM-G) ബില്‍ പാസാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമാണ് പുതിയ ബില്‍ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.
ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ സഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു. മേശപ്പുറത്ത് കയറി ഹൈബി ഈഡനും ഡീനും ഷാഫി പറമ്പിലും പ്രതിശേധിച്ചു. രാഷ്ട്രപിതാവിന്റെ പേര് പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് അദ്ദേഹത്തെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പുതിയ ബില്‍ സംസ്ഥാനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഇത് പാവപ്പെട്ടവര്‍ക്ക് എതിരാണെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍, കോണ്‍ഗ്രസ് നെഹ്‌റു കുടുംബത്തിന്റെ പേര് നല്‍കുന്നതില്‍ മാത്രമാണ് ശ്രദ്ധിച്ചതെന്നും മോദി സര്‍ക്കാര്‍ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മറുപടി നല്‍കി. ഗാന്ധിജിയുടെ പ്രിയപ്പെട്ട ‘റാം’ എന്ന പേരാണ് ബില്ലിന് നല്‍കിയിരിക്കുന്നതെന്ന് ചിരാഗ് പാസ്വാന്‍ ചൂണ്ടിക്കാട്ടി. ബില്ലിന്മേല്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നുവെന്നും പ്രതിപക്ഷത്തിന്റെ പെരുമാറ്റം ജനാധിപത്യവിരുദ്ധമാണെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. അതേസമയം, ലോക്‌സഭ കടന്ന ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് അയക്കും