‘ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, മയ്യത്താക്ക്ണ പരിപാടി’; കോഴിക്കോട് വടകരയില്‍ മുസ്‌ലിം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യവുമായി എസ്‍ഡിപിഐ
കോഴിക്കോട്: വടകരയിൽ മുസ്‍ലിം ലീഗിനെതിരെ പരസ്യമായി കൊലവിളി മുദ്രാവാക്യം മുഴക്കി എസ്‍ഡിപിഐ (SDPI) പ്രവർത്തകർ. വടകരയിൽ നടന്ന പ്രകടനത്തിനിടെയാണ് ലീഗ് പ്രവർത്തകരെ ലക്ഷ്യമിട്ട് അതീവ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന എസ്‍ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ലീഗ് പ്രവര്‍ത്തകരാണ് കൊടിമരം നശിപ്പിച്ചതെന്നാണ് എസ്‍ഡിപിഐ ആരോപിക്കുന്നത്.
“ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, അവസാനത്തെ പരിപാടി, മയ്യത്താക്ക്ണ പരിപാടി” എന്നിങ്ങനെയായിരുന്നു പ്രവർത്തകർ ഏറ്റുവിളിച്ച മുദ്രാവാക്യം. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുമെന്ന ധ്വനി നൽകുന്ന ഈ മുദ്രാവാക്യം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മുസ്‍ലിം ലീഗ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കുന്നതും കലാപാഹ്വാനം നൽകുന്നതുമാണ് ഇത്തരം മുദ്രാവാക്യങ്ങൾ എന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.