അജ്മീര്‍ ദര്‍ഗയില്‍ ‘ചാദര്‍’ സമര്‍പ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു; രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും പ്രാര്‍ത്ഥന
മന്ത്രി കിരണ്‍ റിജിജുവിനെ അജ്മീര്‍ ദര്‍ഗ ഭാരവാഹികള്‍ സ്വീകരിക്കുന്നു
ജയ്പ്പൂര്‍: അജ്‍മീര്‍ ദര്‍ഗ സന്ദര്‍ശിച്ച് ‘ചാദര്‍'(വിരിപ്പ്) സമര്‍പ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പ്രശസ്ത സൂഫി ഗുരു ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ 814-ാമത് ഉറൂസിനോടനുബന്ധിച്ചാണ് തിങ്കളാഴ്ച മന്ത്രി ദര്‍ഗയിലെത്തിയത്. രാജ്യത്ത് സമാധാനവും ഐക്യവും നിലനില്‍ക്കുവാനും എല്ലാ മതവിഭാഗക്കാരുടെയും ക്ഷേമത്തിനും ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കാനും പ്രാര്‍ഥിച്ചെന്ന് സന്ദര്‍ശനത്തിനുശേഷം റിജിജു മാധ്യമങ്ങളോട് പ്രതികരിച്ചു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കിരണ്‍ റിജിജു ഉറൂസ് ആഘോഷങ്ങളുടെ ഭാഗമായി അജ്മീറിലെത്തുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഒത്തുചേരുന്ന ഈ വേളയില്‍, എല്ലാ മതസ്ഥര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചതായും സമൂഹത്തില്‍ ഐക്യവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വീണ്ടും അജ്മീറിലെത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഖാജാ ദര്‍ഗയില്‍ എത്തുമ്പോഴെല്ലാം മനസ്സിന് വല്ലാത്തൊരു സമാധാനവും ആശ്വാസവും ലഭിക്കാറുണ്ട്. നമ്മുടെ രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറുന്നതിനും ജനങ്ങള്‍ക്കിടയില്‍ സ്നേഹവും സഹകരണവും വര്‍ധിക്കുന്നതിനും വേണ്ടിയാണ് ഇത്തവണയും പ്രാര്‍ത്ഥിച്ചത്,’ മന്ത്രി വ്യക്തമാക്കി.
ദര്‍ഗയിലെ സന്ദര്‍ശനം പൂര്‍ണ്ണമായും ആത്മീയമാണെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ദര്‍ഗയുടെ കാര്യങ്ങള്‍ നോക്കിനടത്തുക എന്നത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അജ്മീര്‍ ദര്‍ഗയുടെ വികസനത്തിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ഭഗീരഥ് ചൗധരി, രാജസ്ഥാന്‍ മന്ത്രി സുരേഷ് റാവത്ത്, മന്ത്രാലയം സെക്രട്ടറി ചന്ദ്രശേഖര്‍ കുമാര്‍, അജ്മീര്‍ ജില്ലാ കളക്ടര്‍ ലോക് ബന്ധു, എസ്.പി വന്ദിത റാണ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദര്‍ഗ ഭാരവാഹികളും ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാക്കളും മന്ത്രിയെ സ്വീകരിച്ചു.