04/06/2026
[fontresizer_tawhidurrahmandear_widget]

അജ്മീര്‍ ദര്‍ഗയിലേക്ക് ‘സ്‌നേഹപ്പുടവ’ അയച്ച് ഖാര്‍ഗെ; ഉറൂസിന് ആശംസകളുമായി കോണ്‍ഗ്രസ് നേതൃത്വം

 അജ്മീര്‍ ദര്‍ഗയിലേക്ക് ‘സ്‌നേഹപ്പുടവ’ അയച്ച് ഖാര്‍ഗെ; ഉറൂസിന് ആശംസകളുമായി കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: അജ്മീര്‍ ഷെരീഫ് ദര്‍ഗയിലെ 814-ാമത് ഉറൂസിനോടനുബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ‘ചാദര്‍’ (വിരിപ്പ്) കൈമാറി. സൂഫി വര്യന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ, ‘സര്‍വരോടും സ്‌നേഹം, ആരോടും വെറുപ്പില്ല’ എന്ന സന്ദേശം കൂടുതല്‍ പ്രസക്തമായ കാലഘട്ടമാണിതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഡല്‍ഹിയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം അധ്യക്ഷന്‍ ഇമ്രാന്‍ പ്രതാപ്ഗഢി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാജ്യത്ത് സമാധാനവും ഐക്യവും നിലനില്‍ക്കട്ടെയെന്ന് ഖാര്‍ഗെ ആശംസിച്ചു. ഗംഗാ-യമുനാ സംസ്‌കാരവും സാഹോദര്യവും ജനാധിപത്യവുമാണ് ഇന്ത്യയുടെ യഥാര്‍ഥ ശക്തിയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

പച്ചയും മഞ്ഞയും നിറത്തിലുള്ള വെല്‍വെറ്റ് തുണിയില്‍ മനോഹരമായ അറബിക് കാലിഗ്രഫിയും പുഷ്പാലങ്കാരങ്ങളും തുന്നിച്ചേര്‍ത്ത ചാദറാണ് കൈമാറിയത്. ഇമ്രാന്‍ പ്രതാപ്ഗഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം വരും ദിവസങ്ങളില്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിക്കും. മതസൗഹാര്‍ദത്തിന്റെയും ഇന്ത്യയുടെ സമ്മിശ്ര സംസ്‌കാരത്തിന്റെയും പ്രതീകമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ വര്‍ഷങ്ങളായി ഈ ചടങ്ങ് നടത്തിവരുന്നത്.

Also read: