പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; സ്ഥാനാർത്ഥിയടക്കം അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫീസിനു (സി.എച്ച് സൗധം) നേരെ കല്ലേറുണ്ടായ സംഭവത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയടക്കം അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരാണ് അറസ്റ്റിലായത്.
അക്രമത്തിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവള പരിസരത്തുവെച്ചാണ് കേസിലെ പ്രതിയായ സുൽഫിക്കറിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ ഹസൈനാർ നഗരസഭാ ഒമ്പതാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. ഇദ്ദേഹം സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.
സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനത്തിനിടെ പെരിന്തൽമണ്ണ-കോഴിക്കോട് റോഡിലെ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടാവുകയായിരുന്നു. കല്ലേറിൽ ലീഗ് ഓഫീസിന്റെ ജനൽച്ചില്ലുകളും നെയിംബോർഡും തകർന്നു. ഓഫീസിന് മുന്നിലെ കൊടിമരവും നശിപ്പിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. 14 പേർക്കെതിരെയാണ് പരാതിയുള്ളത്. അക്രമത്തിൽ ഓഫീസിനുള്ളിൽ വീണ കല്ലുകൾ പോലീസ് കണ്ടെടുത്തു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തർക്കങ്ങളാണ് ഓഫീസ് ആക്രമണത്തിലും തുടർന്ന് ഹർത്താൽ പ്രഖ്യാപനത്തിലും കലാശിച്ചത്.