എസ്‌ഐആർ: പരാതി പരിഹരിക്കാനുള്ള ഹിയറിങ്; വോട്ടറുടെ സ്വന്തം ബൂത്തിൽ സൗകര്യം ഒരുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കരട് വോട്ടർപട്ടികയിലെ പരാതി പരിഹരിക്കാനുള്ള ഹിയറിങ്ങിന് വോട്ടറുടെ ബൂത്തിൽത്തന്നെ സൗകര്യം ഒരുക്കും. ഹിയറിങ്ങിനുള്ള നോട്ടീസ് നൽകിത്തുടങ്ങി. പരാതി സ്വീകരിക്കുന്നതടക്കമുള്ള ആവശ്യത്തിലേക്കായി ബിഎൽഒമാരുടെ ജോലി ജനുവരി 22 വരെ നീട്ടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ഇആർഒ, എഇആർഒ എന്നിവരടക്കം 1000 ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഹിയറിങ് ഉണ്ടെങ്കിൽ അപേക്ഷകനുള്ള നോട്ടീസ് ബിഎൽഒ വഴി എത്തിക്കും. ജനുവരി 22 വരെ പരാതികളും എതിർപ്പും ആക്ഷേപവും നൽകാൻ സൗകര്യമുണ്ട്. പരാതി ഓൺലൈനായോ ബിഎൽഒ വഴിയോ നൽകാം.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷവും പേരുൾപ്പെടുത്തലും പുതുക്കലും തുടരും. തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക നൽകാനുള്ള അവസാന ദിവസംവരെ പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം. എന്യൂമറേഷൻ ഫോറം ഒപ്പിട്ടുനൽകിയവർ കരട്പട്ടികയിൽ ഇല്ലെങ്കിൽ പരിശോധിക്കുമെന്നും വിട്ടുപോയവരെ ഉൾപ്പെടുത്തുമെന്നും സിഇഒ പറഞ്ഞു. കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർ ഡിക്ലറേഷനൊപ്പം ഫോറം ആറിൽ അപേക്ഷിക്കണം.