ആകാശത്തെ ‘കുത്തക’ തകർക്കാൻ കേന്ദ്രം: 3 പുതിയ വിമാനക്കമ്പനികൾ വരുന്നു; കേരളത്തിൽനിന്നുള്ള കമ്പനിയും കൂട്ടത്തിൽ
ന്യൂഡൽഹി: വ്യോമയാന മേഖലയിലെ കുത്തക അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇൻഡിഗോ എയർലൈൻസിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് യാത്രക്കാർ വലഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചത്. കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് എയർ, ഫ്‌ലൈ എക്‌സ്പ്രസ് എന്നീ കമ്പനികൾക്ക് പുതുതായി എൻ.ഒ.സി അനുവദിച്ചതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള ശംഖ് എയറിന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു.
മൂന്ന് കമ്പനികളും 2026ഓടെ സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഇൻഡിഗോയും എയർ ഇന്ത്യ ഗ്രൂപ്പും ചേർന്ന് ഇന്ത്യൻ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന സാഹചര്യത്തിലാണ് മത്സരമുണ്ടാക്കാൻ സർക്കാർ നീക്കം നടത്തുന്നത്. എന്നാൽ, ഇന്ത്യയിൽ എയർലൈനുകൾ ഒഴികെ മറ്റെല്ലാവരും പണം സമ്പാദിക്കുന്ന അവസ്ഥയാണെന്നും, ഉയർന്ന നികുതിയും ചെലവുകളും കാരണം വിമാനക്കമ്പനികളുടെ നിലനിൽപ് വലിയ വെല്ലുവിളിയാണെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്്.
ഡിസംബർ ആദ്യവാരം ഇൻഡിഗോയിലുണ്ടായ പ്രതിസന്ധി മൂലം 4,500 ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പൈലറ്റുമാരുടെ വിശ്രമ നയങ്ങളിൽ കൃത്രിമം കാണിക്കാൻ ഇൻഡിഗോ ശ്രമിച്ചതായി ആരോപണമുയർന്ന സാഹചര്യത്തിൽ, ഒരു കമ്പനിയെ മാത്രം അമിതമായി ആശ്രയിക്കുന്നത് അപകടമാണെന്ന പാഠമാണ് സർക്കാർ ഇതിലൂടെ ഉൾക്കൊള്ളുന്നത്. ഉഡാൻ പോലുള്ള പദ്ധതികളിലൂടെ പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.