ഇങ്ങനെ പോയാല്‍ അടച്ചുപൂട്ടേണ്ടി വരും; ഇന്ധന വിലയിൽ സർക്കാർ ഇടപെടൽ തേടി വിമാനക്കമ്പനികള്‍
ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില കുറച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിന് കത്തയച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുത്തനെ ഉയർന്നതോടെ സർവീസുകൾ വലിയ പ്രതിസന്ധിയിലാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു.
ഇന്ധനവില വർധനവ് മൂലം വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 40 ശതമാനത്തിന്റെ വർധനയാണുണ്ടായത്. സർക്കാർ അടിയന്തരമായി ഇടപെടാത്ത പക്ഷം കമ്പനികൾ അടച്ചുപൂട്ടേണ്ടതോ പ്രവർത്തനം ഭാഗികമായി നിർത്തേണ്ടതോ ആയ സാഹചര്യം വരുമെന്നും കത്തിൽ പറയുന്നു. ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് വ്യത്യസ്ത ഇന്ധന വില ഈടാക്കുന്നതും ആനുപാതികമല്ലാത്ത വർധനവും വലിയ നഷ്ടത്തിലേക്കാണ് തള്ളിവിടുന്നതെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്‌ജെറ്റ് എന്നിവരടങ്ങുന്ന എഫ്ഐഎ ചൂണ്ടിക്കാട്ടി.
പ്രതിസന്ധി മറികടക്കാൻ അടിയന്തര സാമ്പത്തിക സഹായം വേണമെന്നാണ് കമ്പനികളുടെ ആവശ്യം. ദീർഘദൂര സർവീസുകളെയാണ് നിലവിലെ സ്ഥിതി കൂടുതൽ ബാധിക്കുന്നത്. ആഭ്യന്തര-രാജ്യാന്തര സർവീസുകളിൽ നേരത്തെയുണ്ടായിരുന്ന ‘ക്രാക്ക് ബാൻഡ്’ രീതിയിൽ ഇന്ധനവില ഏകീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ക്രൂഡ് ഓയിലിന്റെയും ശുദ്ധീകരിച്ച വിമാന ഇന്ധനത്തിന്റെയും വിലയിൽ വലിയ അന്തരമില്ലാതെ നിലനിർത്തുന്ന സംവിധാനമാണ് ക്രാക്ക് ബാൻഡ്.
ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനവില വർധന ലിറ്ററിന് 15 രൂപയിൽ അധികമാകരുതെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ ഇന്ധനവില ലിറ്ററിന് 73 രൂപയോളം വർധിച്ചത് കമ്പനികൾക്ക് വലിയ തിരിച്ചടിയായി. ഈ സാഹചര്യം പരിഗണിച്ച് വിമാന ഇന്ധനത്തിന് ചുമത്തുന്ന 11 ശതമാനം എക്സൈസ് നികുതി താൽക്കാലികമായി ഒഴിവാക്കണമെന്നും വിമാനക്കമ്പനികൾ ആവശ്യപ്പെട്ടു.