പെട്രോൾ – ഡീസൽ വില കൂട്ടി കേന്ദ്രം; ലിറ്ററിന് 3 രൂപവർധന
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്ക് ഇരുട്ടടിയേകി ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വീതമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയായി. 90.67 രൂപയാണ് ഡീസൽ വില. കൊൽക്കത്തയിലും ചെന്നൈയിലും മുംബൈയിലും പെട്രോൾ വില 100 രൂപ കടന്നു. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സി.എൻ.ജി വിലയും വർധിപ്പിച്ചിട്ടുണ്ട്. രണ്ട് രൂപയാണ് സി.എൻ.ജിക്ക് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപയും ഡീസലിന് 99.38 രൂപയുമായി വില ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 108 രൂപയും ഡീസലിന് 97.55 രൂപയുമായി. മുംബൈയിൽ 106 രൂപ, 93.14 രൂപ, ചെന്നൈ 103 രൂപ, 95.25 രൂപ, കൊൽക്കത്ത 108 രൂപ, 95.13 രൂപ, ബെംഗളൂരു 105 രൂപ, 93.99 രൂപ എന്നിങ്ങനെയാണ് മറ്റ് പ്രമുഖ നഗരങ്ങളിലെ യഥാക്രമം പെട്രോൾ, ഡീസൽ വില. വില വർധിച്ചതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ദില്ലി, ഗുജറാത്ത്, ഒഡീഷ തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻതിരക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിൽ തിരിച്ചടി നേരിട്ടതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെലവ് ചുരുക്കൽ നിർദേശങ്ങൾക്ക് പിന്നാലെ ബിജെപി ഭരിക്കുന്ന ദില്ലിയിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് നിർദേശം. ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി നടത്തും. ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി ദില്ലി സർക്കാരും എം.സി.ഡിയും ഓഫീസ് സമയങ്ങളിലും മാറ്റം വരുത്തും. അതേസമയം സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനമായി കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങില്ല എന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി.