‘ഇന്ധനവില വർധന ജനദ്രോഹപരം; തീരുമാനം അടിയന്തരമായി പിന്‍വലിക്കണം’: പിണറായി വിജയന്‍
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്’, പിണറായി വിജയൻ കുറിച്ചു.
ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല. ഇന്ധനവില വർധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ആഗോളതലത്തിൽ ഇന്ധന വില വർധിച്ചതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ നിലവിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായി.
പെട്രോളിന് കൊൽക്കത്തയിൽ 108.74 രൂപയും മുംബൈയിൽ 103.67 രൂപയുമായി. ഡീസലിന് കൊൽക്കത്തയിൽ 95.13 രൂപയും മുംബൈയിൽ 93.14 രൂപയും ചെന്നൈയിൽ 95.25 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.64 രൂപയുമായി. കോഴിക്കോട് നഗര പ്രദേശങ്ങളിൽ പെട്രോളിന് 109.07 രൂപയും ഡീസലിന് 97.96 രൂപയും കോഴിക്കോട് ഗ്രാമീണ മേഖലയിൽ പെട്രോളിന് 109.37 രൂപയും ഡീസലിന് 98.23 രൂപയുമാണ് വില.