മസ്ജിദുല്‍ ഹറമിന്റെ മുകള്‍ നിലയില്‍നിന്ന് താഴേക്ക് ചാടി യുവാവ്; അത്ഭുതകരമായി രക്ഷിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍
മസ്ജിദുല്‍ ഹറമിന്‍റെ മുകള്‍നിലയില്‍നിന്ന് ചാടുന്ന യുവാവ്, രക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍
മക്ക: വിശുദ്ധ ദേവാലയമായ മസ്ജിദുല്‍ ഹറം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ്. മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് (കഅബയെ വലം വെക്കുന്ന സ്ഥലം) ചാടിയ ഇയാളെ സുരക്ഷാ ജീവനക്കാരനാണ് അത്ഭുതകരമായി രക്ഷിച്ചത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകള്‍ നിലയില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍, ഇയാള്‍ തറയില്‍ പതിക്കുന്നതിന് മുന്‍പ് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ചാടിയ യുവാവിനും ഉദ്യോഗസ്ഥനും പരിക്കേറ്റു.
ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും എമര്‍ജന്‍സി വിഭാഗവും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം നല്‍കിവരികയാണെന്ന് മസ്ജിദുല്‍ ഹറം സുരക്ഷാ സേന അറിയിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താഴേക്ക് ചാടിയ ആളുടെ പേരോ പൗരത്വമോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസയാണു ലഭിക്കുന്നത്.