വെനസ്വേലയില്‍ ആക്രമണം ആരംഭിച്ച് യുഎസ്? കാരക്കാസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മദുറോ
കാരക്കാസില്‍നിന്നുള്ള സ്ഫോടന ദൃശ്യങ്ങള്‍
കാരക്കാസ്: തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വെനസ്വെലന്‍ നഗരങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാരക്കാസില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായത്. നഗരത്തില്‍ കുറഞ്ഞത് ഏഴ് തവണയെങ്കിലും ഉഗ്രസ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ താഴ്ന്നു പറക്കുന്ന യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കാരക്കാസിലെ പ്രധാന സൈനിക കേന്ദ്രമായ ‘ഫ്യൂര്‍ട്ടെ ടിയുന’ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും ഇവിടെ നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തെത്തുടര്‍ന്ന് തെക്കന്‍ കാരക്കാസിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
വെനസ്വേലയിലെ മയക്കുമരുന്ന് കടത്ത് തടയുന്നതിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനുമാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കന്‍ ഭരണകൂട വൃത്തങ്ങളുടെ വാദം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വെനസ്വേലന്‍ പ്രസിഡന്റ് മദുറോയ്ക്കെതിരെ അമേരിക്ക നേരത്തെ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കരീബിയന്‍ കടലില്‍ അമേരിക്കന്‍ നാവികസേന വന്‍ സന്നാഹമാണ് ഒരുക്കിയിരുന്നത്.
അമേരിക്കയുടേത് ഗുരുതരമായ സൈനികാക്രമണം ആണെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചു. വെനസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കാനും രാഷ്ട്രീയ സ്വാതന്ത്ര്യം തകര്‍ക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് മദുറോ ആരോപിച്ചു. ജനങ്ങളോട് തെരുവിലിറങ്ങാനും രാജ്യത്തെ സംരക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മിറാന്‍ഡ, അരഗുവ, ലാ ഗ്വയ്‌റ തുടങ്ങിയ സംസ്ഥാനങ്ങളിലും ആക്രമണം നടന്നതായി വെനസ്വേലന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ വെനസ്വേലയിലെ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമായി തുടരുകയാണ്. അയല്‍രാജ്യമായ കൊളംബിയയും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു.