മദുറോയുടെ ‘ആത്മീയ ഗുരു’ ഇങ്ങ് പുട്ടപർത്തിയിൽ; വെനിസ്വേലയും സായി ബാബയും തമ്മിലെന്ത്?
അമരാവതി: വെനിസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയുമായി പതിറ്റാണ്ടുകൾ നീണ്ട ആത്മീയ ബന്ധം. ശ്രീ സത്യസായി ബാബയുടെ ഭക്തനായ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലും ഭരണത്തിലും ബാബയുടെ ദർശനങ്ങൾ വലിയ സ്വാധീനം ചെലുത്തിയതായി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
2005ൽ വിദേശകാര്യ മന്ത്രിയായിരിക്കെയാണ് മദുറോ ഭാര്യ സിലിയ ഫ്ലോറസിനൊപ്പം പ്രശാന്തി നിലയം സന്ദർശിച്ചത്. ‘ബാബയെ നേരിട്ട് കണ്ട നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്,’ എന്ന് അദ്ദേഹം സന്ദർശനത്തെക്കുറിച്ച് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തന്റെ ഓഫീസിൽ വിപ്ലവ നേതാക്കളായ ഹ്യൂഗോ ഷാവേസിനും സൈമൺ ബൊളിവർക്കും ഒപ്പമാണ് ബാബയുടെ ചിത്രം അദ്ദേഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പകരാൻ ബാബയുടെ പഠിപ്പിക്കലുകൾ സഹായിച്ചതായി അദ്ദേഹം വിശ്വസിക്കുന്നു.
2025ൽ നടന്ന ബാബയുടെ ശതാബ്ദി ആഘോഷ വേളയിൽ, മദുറോ പുറപ്പെടുവിച്ച പ്രസ്താവനയിൽ അദ്ദേഹത്തെ ‘പ്രകാശത്തിന്റെ ഒരു ജീവി’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഈ മഹാനായ ഗുരുവിന്റെ ജ്ഞാനം നമ്മെ പ്രബുദ്ധരാക്കുന്നത് തുടരുന്നു. ഞാൻ അദ്ദേഹത്തെ എപ്പോഴും ഓർക്കുന്നു,’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മദുറോയും വെനിസ്വേലയും പുലർത്തുന്ന ആത്മീയ ദൃഢതയെ ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് വൃത്തങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.
നിലവിൽ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സായി ഭക്തരുടെ കേന്ദ്രങ്ങളിലൊന്നാണ് വെനിസ്വേല. സത്യം, ധർമ്മം, അഹിംസ എന്നീ മൂല്യങ്ങൾ മുൻനിർത്തി വിദ്യാലയങ്ങളിലും കോളേജുകളിലും സായി സംഘടനകൾ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് മദുറോ ഭരണകൂടം വലിയ പിന്തുണയാണ് നൽകുന്നത്. വിദേശ എൻജിഒകൾക്ക് കർശന നിയന്ത്രണങ്ങളുള്ള രാജ്യത്ത് സായി സെന്ററുകൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ആത്മീയ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.