04/06/2026
[fontresizer_tawhidurrahmandear_widget]

കേന്ദ്രത്തിന് അമേരിക്കയെ ഭയം; വെനസ്വേലയിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാം: വിമർശവുമായി പൃഥ്വിരാജ് ചവാൻ

 കേന്ദ്രത്തിന് അമേരിക്കയെ ഭയം; വെനസ്വേലയിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാം: വിമർശവുമായി പൃഥ്വിരാജ് ചവാൻ

മുംബൈ: വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയിലും പ്രസിഡന്റ് നിക്കോളാസ് മദുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ സംഭവത്തിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചപ്പോൾ ഇന്ത്യ അമേരിക്കയെ ഭയന്ന് പിന്നോട്ട് മാറുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും കാറ്റിൽ പറത്തിക്കൊണ്ട് അമേരിക്ക നടത്തിയ ഈ സൈനിക നീക്കം ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ഇത്തരം സംഭവങ്ങൾ നാളെ ഇന്ത്യയിലും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ മറ്റൊരു രാജ്യം സൈനികമായി കടന്നാക്രമിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നത് ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്കും അന്താരാഷ്ട്ര ധാരണകൾക്കും വിരുദ്ധമാണ്. നാളെ അത് ഏത് രാഷ്ട്രത്തിനും സംഭവിക്കാം. ഇന്ത്യയ്ക്കും സംഭവിക്കാം. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. എന്നാൽ, ഇന്ത്യ ഇക്കാര്യത്തിൽ ഒരു നിലപാട് എടുത്തില്ല. നേരത്തെ, റഷ്യ – യുക്രെയ്ൻ യുദ്ധത്തിലും ഇസ്രായേൽ – ഹമാസ് പ്രശ്നത്തിലും സമാനമായിരുന്നു ഇന്ത്യയുടെ നിലപാട്. അമേരിക്കയെ വിമർശിക്കാൻ പോലും നമുക്ക് ഭയമാണ്.” – ചവാൻ ആരോപിച്ചു.

കേന്ദ്രം സ്വീകരിക്കുന്ന ഈ നിലപാട് രാജ്യത്തിന്റെ അന്തസ്സിന് ചേർന്നതല്ലെന്നും ഇത്തരം നീതികേടുകൾക്കെതിരെ ശബ്ദമുയർത്താൻ ഭാരതം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേരത്തെ സമാനമായ ആശങ്കകൾ പങ്കുവെച്ചിരുന്നു. യുഎൻ ചാർട്ടർ ലംഘിച്ചുകൊണ്ട് ഒരു രാജ്യത്തെ ഭരണാധികാരിയെ മറ്റൊരു രാജ്യം വിചാരണയ്ക്കായി കൊണ്ടുപോകുന്നത് ആഗോള ക്രമത്തെ തകിടം മറിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ വെറും നിരീക്ഷകരായി തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്കോളാസ് മദുറോയെ അമേരിക്കൻ ഡെൽറ്റ ഫോഴ്സ് പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് മദുറോയെ പിടികൂടിയതെന്നാണ് അമേരിക്കയുടെ വിശദീകരണമെങ്കിലും ഇത് രാഷ്ട്രീയ വേട്ടയാടലാണെന്നാണ് വെനസ്വേലയുടെ വാദം. ഇന്ത്യയുടെ ഔദ്യോഗിക നിലപാട് കേവലം ജാഗ്രതാ നിർദ്ദേശങ്ങളിൽ ഒതുങ്ങുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

Also read: