അമേരിക്കൻ കോടതിയിൽ തലകുനിക്കാതെ മദുറോ; കുറ്റങ്ങൾ നിഷേധിച്ചു
ന്യൂയോർക്ക്: യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ മുൻ വെനസ്വെലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും അമേരിക്കൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. തങ്ങൾക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കടത്ത്, നാർക്കോ ടെററിസം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇരുവരും നിഷേധിച്ചു. മാൻഹട്ടനിലെ കോടതിയിൽ ജഡ്ജി ആൽവിൻ ഹെല്ലർസ്‌റ്റൈനു മുൻപാകെയായിരുന്നു ഇവരുടെ ആദ്യ വിചാരണ. അക്ഷോഭ്യനായി തലയുയർത്തി നിന്ന മദുറോ, ദ്വിഭാഷിയുടെ സഹായത്തോടെ തനിക്കുമേൽ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചു.
ശനിയാഴ്ച പുലർച്ചെ കാരക്കാസിൽ യുഎസ് പ്രത്യേക സേന നടത്തിയ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’ എന്ന മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിലെത്തിച്ചത്. ഐക്യരാഷ്ട്ര സഭാ ചട്ടങ്ങളുടെ ലംഘനമായ ഈ നീക്കത്തിനെതിരെ ലോക വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
ജയിലിലെ നീല യൂണിഫോമിൽ, കൈവിലങ്ങുകളോടെയാണ് മഡുറോയെ കോടതിയിൽ കൊണ്ടുവന്നത്. താൻ വെനസ്വെലയുടെ ഇപ്പോഴത്തെ പ്രസിഡന്റാണെന്നും തന്നെ തട്ടിക്കൊണ്ടുപോന്നതാണെന്നും അദ്ദേഹം കോടതിയിൽ വിളിച്ചുപറഞ്ഞു. ‘ഞാൻ നിരപരാധിയാണ്. കുറ്റമൊന്നും ചെയ്തിട്ടില്ല. ഒരു മാന്യനാണ്’ എന്ന് അദ്ദേഹം ദ്വിഭാഷിയുടെ സഹായത്തോടെ കോടതിയെ അറിയിച്ചു.
മദുറോയുടെ ഭാര്യ സിലിയ ഫ്‌ലോറസും കുറ്റം നിഷേധിച്ചു. ഇവരുടെ നെറ്റിയിൽ ബാൻഡേജ് ഉൾപ്പെടെ പരിക്കുകളുടെ ലക്ഷണങ്ങൾ ദൃശ്യമായിരുന്നു. പിടികൂടുന്നതിനിടയിൽ ഇവർക്ക് വാരിയെല്ലിന് പരിക്കേറ്റതായി അഭിഭാഷകർ പറഞ്ഞു.
കുറ്റാരോപണങ്ങൾ
2020-ൽ ട്രംപ് ഭരണകൂടം തയ്യാറാക്കിയ കുറ്റപത്രത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. കൊളംബിയൻ വിമത ഗ്രൂപ്പായ ഫാർക്ക് മെക്‌സിക്കോയിലെ സിനലോവ കാർട്ടൽ തുടങ്ങിയവയുമായി ചേർന്ന് വെനസ്വേലയെ ഒരു ‘മയക്കുമരുന്ന് ഇടനാഴി’യാക്കി മാറ്റി, യുഎസിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ എത്തിക്കാൻ ഗൂഢാലോചന നടത്തി, വിനാശകരമായ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളും കൈവശം വെച്ചു എന്നിവയാണ് മദുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവരും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
യുഎസ് കോടതിയുടെ അധികാരപരിധിയെ ചോദ്യം ചെയ്യാനാണ് മദുറോയുടെ അഭിഭാഷകർ ഒരുങ്ങുന്നത്. പനാമ മുൻ ഏകാധിപതി മാനുവൽ നൊറിഗയുടെ വിചാരണയ്ക്ക് ശേഷം യുഎസ് കോടതിയിൽ നടക്കുന്ന ഏറ്റവും നിർണായകമായ കേസാണിത്. അടുത്ത വിചാരണ മാർച്ച് 17-ന് നടക്കും.