മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി അന്തരിച്ചു
പൂനെ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനെ നവി പേട്ടിലെ വൈകുണ്ഠ് സ്മാശന്‍ഭൂമിയില്‍ നടക്കും.
ഉച്ചയ്ക്ക് 2 മണി വരെ എരന്ദ്‌വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനം നടക്കും. ഇന്ത്യന്‍ കായിക ഭരണരംഗത്തെ പ്രമുഖനായിരുന്ന കല്‍മാഡി ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വ്യോമസേനാ പൈലറ്റായിരുന്ന അദ്ദേഹം 95,96 കാലഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. പൂനെയില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായിരുന്നു. 1980ല്‍ രാജ്യസഭയിലൂടെ ആയിരുന്നു ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.
2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതുമുതല്‍ പൊതുരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കേസുകളില്‍ പിന്നീട് അനുകൂല വിധിയുണ്ടായി. ഇതേ കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസ് കഴിഞ്ഞ ഏപ്രിലിലാണ് ഡല്‍ഹി പ്രത്യേക കോടതി റദ്ദാക്കിയത്.
1992ല്‍ ദേശീയ ഗെയിംസ് പൂനെയില്‍ നടത്തുന്നതിനു മുന്‍കൈയെടുത്തു. പൂനെയിലെ കല്‍മാഡിഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നോടെ സംസ്‌കരിക്കും. ഭാര്യ: മീര കല്‍മാഡി.