‘തിരുപ്പറങ്കുണ്ഡ്രം സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപം കാര്‍ത്തികദീപം തെളിയിക്കാം’; സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതി
തിരുപ്പറങ്കുണ്ഡ്രം സിക്കന്ദര്‍ ബാദുഷ ദര്‍ഗ
ചെന്നൈ/മധുര: മധുര തിരുപ്പറങ്കുണ്ഡ്രം മലയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണില്‍’ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്, ജസ്റ്റിസ് കെ.കെ രാമകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിര്‍ണായക വിധി.
അതേസമയം, ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയെങ്കിലും, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് നടത്തിയ പരാമര്‍ശങ്ങള്‍ ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ സിവില്‍ കോടതിയില്‍ തീര്പ്പാക്കേണ്ടതാണെന്നും, റിട്ട് ഹരജിയിലൂടെ അതില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ദര്‍ഗ അധികൃതര്‍ക്ക് സ്ഥലത്തിന്മേലുള്ള തര്‍ക്കത്തില്‍ ആശ്വാസമായി.
മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലയാണ് തര്‍ക്കങ്ങളുടെ കേന്ദ്രബിന്ദു. ഇവിടെയാണ് പ്രശസ്തമായ അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയും സ്ഥിതി ചെയ്യുന്നത്. ദര്‍ഗയില്‍നിന്ന് ഏകദേശം 15 മീറ്റര്‍ മാത്രം അകലെയുള്ള ‘ദീപത്തൂണ്‍’ എന്ന കല്‍വിളക്കില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന ഹിന്ദു മക്കള്‍ കക്ഷി, ഹിന്ദു മുന്നണി തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ ആവശ്യമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.
ഹിന്ദു മക്കള്‍ കക്ഷി നേതാവ് രാം രവികുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹരജിയിലായിരുന്നു ജസ്റ്റിസ് ജി.ആര് സ്വാമിനാഥന് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബര്‍ നാലിന് പോലീസ് സംരക്ഷണത്തില്‍ ദീപം തെളിയിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും, ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല.
തര്‍ക്കവിഷയമായ ‘ദീപത്തൂണ്‍’ ഹിന്ദു ആചാരപ്രകാരമുള്ളതല്ലെന്നും അത് ജൈന പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്നുമാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പുരാതന കാലത്ത് ജൈന സന്യാസിമാര്‍ക്ക് വെളിച്ചം ലഭിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ തൂണെന്നും, ഇതിന് ഹിന്ദു ആചാരങ്ങളുമായി ബന്ധമില്ലെന്നും പുരാവസ്തു രേഖകള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ വാദിച്ചു. 1920ല്‍ ദര്‍ഗയ്ക്ക് ലഭിച്ച ഭൂമിയാണിതെന്നും, ന്യൂനപക്ഷ സമുദായത്തിന് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ ആളുകള്‍ തടിച്ചുകൂടുന്നത് തടയണമെന്നും ദര്‍ഗയുടെ അഭിഭാഷകനും വാദിച്ചു. ജസ്റ്റിസ് സ്വാമിനാഥനെതിരെ ‘ഇന്‍ഡ്യ’ സഖ്യം എംപിമാര്‍ ഇംപീച്ച്മെന്റ് നീക്കം നടത്തുന്നതിനിടെയാണ് ഈ വിഷയം തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ, മത, നിയമ പോരാട്ടമായി മാറിയത്.
മുന്‍ ജഡ്ജിയുടെ രൂക്ഷ വിമര്‍ശനം സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നേരത്തെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എസ് സുന്ദര്‍ രംഗത്തെത്തിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ (ദേവസ്ഥാനം) നിലപാട് പോലും കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സാധാരണ ദീപം തെളിയിക്കാറുള്ള സ്ഥലത്തല്ലാതെ മറ്റെവിടെയെങ്കിലും ദീപം തെളിയിക്കുന്നതിനെ ക്ഷേത്ര അധികൃതരായ ദേവസ്ഥാനം തന്നെ എതിര്‍ത്തിരുന്നു. ക്ഷേത്ര അധികൃതര്‍ എതിര്‍ത്തിട്ടും, ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിട്ടും, കോടതി എങ്ങനെയാണ് പുതിയൊരു ആചാരത്തിന് അനുമതി നല്‍കുക?’ അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെയും പോലീസിന്റെയും ആശങ്കകള്‍ ശരിവെക്കുന്നതാണ് ഔദ്യോഗിക രേഖകളെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഇന്നത്തെ ഡിവിഷന് ബെഞ്ച് വിധി പ്രകാരം, ദീപം തെളിയിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ അനുവദിക്കാമെന്നും, എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് തീര്‍പ്പ്.