27/01/2026

വീട് കൊള്ളയടിക്കാന്‍ വന്ന് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിൽ കുടുങ്ങി മോഷ്ടാവ്; നാടകീയ രംഗങ്ങള്‍ വൈറല്‍

 വീട്  കൊള്ളയടിക്കാന്‍ വന്ന് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിൽ കുടുങ്ങി മോഷ്ടാവ്; നാടകീയ രംഗങ്ങള്‍ വൈറല്‍

ജയ്പൂര്‍: വീട് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ മോഷ്ടാവ് കുടുങ്ങിയത് ഒരു മണിക്കൂര്‍. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ജനുവരി മൂന്നിനാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.

വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണശ്രമം. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തി മുന്‍വാതില്‍ തുറന്നപ്പോഴാണ് അടുക്കള ഭാഗത്ത് നിന്ന് വിചിത്രമായ കാഴ്ച കണ്ടത്. പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്റെ വെളിച്ചത്തില്‍, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തില്‍ ഒരാള്‍ പാതി ഉടല്‍ അകത്തും പാതി പുറത്തുമായി കുടുങ്ങിക്കിടക്കുകയായിരുന്നു.

കൂട്ടാളി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതോടെ മോഷ്ടാവ് പൂര്‍ണ്ണമായും നിസ്സഹായനായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പോലീസിനെ വെട്ടിക്കാനായി മുന്‍പില്‍ പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച കാറിലായിരുന്നു സംഘം സ്ഥലത്ത് എത്തിയതെന്ന് പറയപ്പെടുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപെട്ട രണ്ടാമന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Also read: