02/04/2026
[fontresizer_tawhidurrahmandear_widget]

‘സര്‍, എനിക്ക് അങ്ങയെ ഒന്ന് കാണാന്‍ സാധിക്കുമോ?’; മോദി അപേക്ഷിച്ചെന്ന് ട്രംപ്

 ‘സര്‍, എനിക്ക് അങ്ങയെ ഒന്ന് കാണാന്‍ സാധിക്കുമോ?’; മോദി അപേക്ഷിച്ചെന്ന് ട്രംപ്

നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കാണാനായി അപേക്ഷിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘സര്‍, എനിക്ക് അങ്ങയെ ഒന്ന് കാണാന്‍ സാധിക്കുമോ?’ (Sir, may I see you please?) എന്ന് മോദി ചോദിച്ചതായാണ് ട്രംപ് അവകാശപ്പെട്ടത്. വാഷിങ്ടണില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ സംസാരരീതിയെ അനുകരിച്ചുകൊണ്ട് ട്രംപിന്റെ അവകാശവാദം.

ഇന്ത്യയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെങ്കിലും, നിലവില്‍ മോദി തന്നോട് അത്ര സന്തോഷത്തിലല്ലെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചതോടെ ഇന്ത്യയ്ക്ക് അമേരിക്കന്‍ തീരുവ നല്‍കേണ്ടി വരുന്നതാണ് ഇതിന് കാരണമെന്നാണ് ട്രംപിന്റെ വാദം.

‘അദ്ദേഹം (മോദി) എന്നോട് അത്ര സന്തോഷത്തിലല്ല. കാരണം, റഷ്യന്‍ എണ്ണ വാങ്ങാത്തതുകൊണ്ട് അവര്‍ക്കിപ്പോള്‍ വലിയ നികുതി നല്‍കേണ്ടി വരുന്നുണ്ട്. റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നത് അവര്‍ ഗണ്യമായി കുറച്ചു,’ ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. യുഎസിന് ഇത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ട്രംപ് പരസ്യമായി പരിഹസിക്കുകയാണെന്നും, രാജ്യത്തിന് ഇത് അപമാനമാണെന്നും എക്സ് ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നു. ’56 ഇഞ്ച് നെഞ്ചളവുള്ള സിംഹം ട്രംപിന് മുന്നില്‍ മിയാപ്പൂച്ചയാകുന്നു’ എന്നതടക്കമുള്ള വിമര്‍ശനങ്ങളും, വിദേശനയത്തിന്റെ പരാജയമാണിതെന്ന രീതിയിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ട്രംപിന്‍റെ അവകാശവാദം ഉയര്‍ത്തിപ്പിടിച്ച് മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Also read: