10/06/2026
[fontresizer_tawhidurrahmandear_widget]

15,278 കോടി നല്‍കണം! ‘സോഹോ’ സ്ഥാപകൻ ശ്രീധർ വെമ്പുവിന് വിവാഹമോചനത്തില്‍ കുരുക്ക്

 15,278 കോടി നല്‍കണം! ‘സോഹോ’ സ്ഥാപകൻ ശ്രീധർ വെമ്പുവിന് വിവാഹമോചനത്തില്‍ കുരുക്ക്

കാലിഫോർണിയ: പ്രമുഖ ഐടി കമ്പനിയായ സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പുവും മുൻ ഭാര്യ പ്രമീള ശ്രീനിവാസനും തമ്മിലുള്ള വിവാഹമോചനം പുതിയ നിയമക്കുരുക്കിലേക്ക്. കേസിൽ 1.7 ബില്യൺ ഡോളർ (ഏകദേശം 15,278 കോടി രൂപ) ബോണ്ട് കെട്ടിവയ്ക്കാൻ കാലിഫോർണിയ കോടതി വെമ്പുവിനോട് നിർദ്ദേശിച്ചു. ദമ്പതികളുടെ സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ കൈമാറ്റം ചെയ്തു എന്ന ആരോപണത്തെത്തുടർന്നാണ് കോടതിയുടെ ഈ അസാധാരണ നടപടി.

മദ്രാസ് ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി 1989ലാണ് വെമ്പു അമേരിക്കയിലെത്തുന്നത്. പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം 1993ൽ അക്കാദമിക് വിദഗ്ധയും സംരംഭകയുമായ പ്രമീള ശ്രീനിവാസനെ വിവാഹം കഴിച്ചു. 1996ൽ സഹോദരങ്ങൾക്കും സുഹൃത്തായ ടോണി തോമസിനും ഒപ്പം ‘അഡ്വെന്റ്‌നെറ്റ്’ എന്ന പേരിൽ തുടങ്ങിയ കമ്പനിയാണ് പിന്നീട് സോഹോ കോർപ്പറേഷനായി മാറിയത്. മൂന്ന് പതിറ്റാണ്ടോളം കാലിഫോർണിയയിൽ ഒരുമിച്ച് താമസിച്ച ഇവർക്ക് ഓട്ടിസം ബാധിച്ച 26 വയസ്സുള്ള ഒരു മകനുണ്ട്.

2019ൽ വെമ്പു യുഎസ് വിട്ട് തമിഴ്‌നാട്ടിലെ തെങ്കാശിയിലുള്ള മാതലംപാരൈ എന്ന ഗ്രാമത്തിലേക്ക് താമസം മാറുകയായിരുന്നു. 2020 നവംബറിൽ തനിക്ക് വിവാഹമോചനം വേണമെന്ന് വെമ്പു വാട്ട്‌സ്ആപ്പിലൂടെ അറിയിച്ചതായും 2021ൽ കോടതിയെ സമീപിച്ചതായും പ്രമീള ആരോപിക്കുന്നു. തന്നെയും പ്രത്യേക പരിഗണന ആവശ്യമുള്ള മകനെയും വെമ്പു ഉപേക്ഷിച്ചു എന്നാണ് പ്രമീളയുടെ വാദം. ആദ്യകാലങ്ങളിൽ കുടുംബം പുലർത്താൻ ജോലി ചെയ്തിരുന്ന പ്രമീള, നിലവിൽ ‘മെഡിക്കൽമൈൻ’ എന്ന സ്ഥാപനത്തിന്റെ ഉടമയും ഓട്ടിസം ഗവേഷണത്തിനായി ‘ദി ബ്രെയിൻ ഫൗണ്ടേഷൻ’ എന്ന സംഘടന നടത്തുന്ന വ്യക്തിയുമാണ്.

കാലിഫോർണിയ നിയമപ്രകാരം, വിവാഹജീവിതത്തിനിടയിൽ ദമ്പതികൾ സമ്പാദിക്കുന്ന സ്വത്ത് എവിടെയാണെങ്കിലും അത് തുല്യമായി വിഭജിക്കപ്പെടണം. എന്നാൽ വെമ്പു സോഹോയുടെ ഓഹരികളും ബൗദ്ധിക സ്വത്തവകാശങ്ങളും തന്റെ അറിവില്ലാതെ സഹോദരങ്ങളായ രാധ വെമ്പുവിനും ശേഖർ വെമ്പുവിനും കൈമാറിയെന്നാണ് പ്രമീളയുടെ പ്രധാന പരാതി. നിലവിൽ സോഹോയിൽ വെമ്പുവിന് വെറും 5 ശതമാനം ഓഹരികൾ മാത്രമാണുള്ളത്. 47.8 ശതമാനം ഓഹരികൾ രാധയുടെയും 35.2 ശതമാനം ഓഹരികൾ ശേഖറിന്റെയും കൈവശമാണ്.

പ്രമീള ശ്രീനിവാസൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ച കോടതി, വെമ്പു ചില സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പുലർത്തിയിട്ടില്ലെന്നും നിയമം ലംഘിച്ചുവെന്നും നിരീക്ഷിച്ചു. പ്രമീളയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ 1.7 ബില്യൺ ഡോളറിന്റെ ബോണ്ട് അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഈ ആരോപണങ്ങൾ വെമ്പുവിന്റെ അഭിഭാഷകൻ ക്രിസ്റ്റഫർ സി. മെൽച്ചർ നിഷേധിച്ചു. വെമ്പു തന്റെ കൈവശമുള്ള ഓഹരിയുടെ പകുതി ഭാര്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടും അവർ അത് സ്വീകരിക്കുന്നില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ബോണ്ട് ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് വെമ്പുവിന്റെ നീക്കം.

Also read: