27/01/2026

‘സ്വന്തം പണിയില്‍ ശ്രദ്ധിക്കൂ; ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ട’- ഉമർ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരെ കേന്ദ്രം

 ‘സ്വന്തം പണിയില്‍ ശ്രദ്ധിക്കൂ; ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ട’- ഉമർ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരെ കേന്ദ്രം

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം സൊഹ്‌റാൻ മംദാനിക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബഹുമാനിക്കാൻ ജനപ്രതിനിധികൾ പഠിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ സന്ദർശിച്ച മംദാനി ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൈപ്പടയിൽ എഴുതിയ കത്ത് കൈമാറിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക പദവിയിലിരിക്കുന്നവർ വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് ഉചിതമല്ലെന്നും, അവരെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും ജയ്‌സ്വാൾ ഓർമ്മിപ്പിച്ചു.

നേരത്തെയും ഉമർ ഖാലിദിന് പിന്തുണയുമായി മംദാനി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ഖാലിദിന്റെ ജയിൽ ഡയറിയിലെ ഭാഗങ്ങൾ വായിച്ചുകൊണ്ട് അദ്ദേഹം പ്രതിഷേധിച്ചിരുന്നു. ഡിസംബർ ഒമ്പതിന് നടന്ന കൂടിക്കാഴ്ചയിൽ ഖാലിദിന്റെ തടവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മംദാനിക്ക് ഉമറിന്റെ പിതാവ് എസ്.ക്യു.ആർ ഇല്യാസ് നന്ദി അറിയിച്ചു.

2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഉമർ ഖാലിദ് ജയിലിലാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തിടെ അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

Also read: