01/04/2026
[fontresizer_tawhidurrahmandear_widget]

1963ലെ പാക്‌-ചൈന കരാര്‍ നിയമവിരുദ്ധം; ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനീസ് അവകാശവാദം തള്ളി കരസേനാ മേധാവി

 1963ലെ പാക്‌-ചൈന കരാര്‍ നിയമവിരുദ്ധം; ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനീസ് അവകാശവാദം തള്ളി കരസേനാ മേധാവി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷാക്‌സ്ഗാം താഴ്‌വരയുടെ മേലുള്ള ചൈനയുടെ പുതിയ അവകാശവാദങ്ങളെ ശക്തമായി എതിര്‍ത്ത് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 1963ല്‍ പാകിസ്ഥാനും ചൈനയും ഒപ്പുവെച്ച അതിര്‍ത്തി കരാര്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് കൈമാറിയ നടപടിയെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാക്‌സ്ഗാം താഴ്‌വരയില്‍ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളെ ന്യായീകരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തിയിരുന്നു. ഈ പ്രദേശം ചൈനയുടേതാണെന്നും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ബീജിംഗിന്റെ വാദം. എന്നാല്‍ ഈ വാദങ്ങളെ ഇന്ത്യ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓര്‍മ്മിപ്പിച്ച ജനറല്‍ ദ്വിവേദി ചൈനപാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചു. ഇന്ത്യന്‍ ഭൂപ്രദേശത്തിലൂടെ കടന്നുപോകുന്ന പദ്ധതി പ്രാദേശിക വികസനത്തിനാണെന്ന ചൈനയുടെ വാദം ഇന്ത്യ അംഗീകരിക്കുന്നില്ല. വിവാദ ഭൂമിയില്‍ ചൈനയും പാകിസ്ഥാനും നടത്തുന്ന എല്ലാവിധ ഇടപെടലുകളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ന്യൂഡല്‍ഹി വ്യക്തമാക്കി. ഈ നിലപാട് ചൈനയെയും പാകിസ്ഥാനെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

Also read: