മുസ്ലിം വോട്ടുകൾ കൂട്ടമായി വെട്ടാൻ സമ്മർദ്ദം: ആത്മഹത്യാ ഭീഷണിയുമായി പോളിംഗ് ഉദ്യോഗസ്ഥൻ
ബിഎൽഒ കീർത്തികുമാർ
ജയ്പൂർ: വോട്ടർപട്ടികയിൽ നിന്ന് മുസ്ലിംകളുടെ വോട്ടുകൾ വ്യാപകമായി പേരുകൾ നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദത്തിന് പിന്നാലെ, ജയ്പൂരിലെ ഹവ മഹൽ മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ബിജെപി കൗൺസിലറുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് കീർത്തി കുമാർ എന്ന ഉദ്യോഗസ്ഥൻ കടുത്ത മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് സംസാരിച്ചത്. “ഞാൻ കളക്ടറുടെ ഓഫീസിൽ ചെന്ന് ആത്മഹത്യ ചെയ്യും” – എന്ന് കുമാർ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഹവ മഹൽ മണ്ഡലത്തിലെ കീർത്തി കുമാറിന്റെ ബൂത്തിലെ 470 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയതാണ് വിവാദങ്ങൾക്ക് ആധാരം. ഇത് ആകെ വോട്ടർമാരുടെ 40 ശതമാനത്തോളം വരും. ഈ വോട്ടർമാരെല്ലാം മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെന്നും നേരത്തെ തന്നെ താൻ ഇവരുടെ വിവരങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണെന്നും കീർത്തി കുമാർ പറയുന്നു.
നേരിയ ഭൂരിപക്ഷത്തിന് ബി.ജെ.പി ജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 974 വോട്ടിനാണ് ബി.ജെ.പിയിലെ ബാലമുകുന്ദ് ആചാര്യ ഇവിടെ വിജയിച്ചത്. ഇതേത്തുടർന്നാണ് മുസ്ലിം വോട്ടർമാരെ ലക്ഷ്യം വെച്ച് വ്യാപകമായ നീക്കം നടക്കുന്നതെന്ന ആരോപണം ശക്തമായിരിക്കുന്നത്.
സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ കൂടിയായ കുമാറിന് വെറും രണ്ട് ദിവസത്തിനുള്ളിൽ 470 അപേക്ഷകൾ പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഒരു ഫോം ഡിജിറ്റൈസ് ചെയ്യാൻ തന്നെ പത്ത് മിനിറ്റോളം വേണമെന്നിരിക്കെ, ഏകദേശം 78 മണിക്കൂർ ജോലി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
“നേരത്തെ തന്നെ വോട്ടർ പട്ടിക പുതുക്കൽ ജോലികൾ മൂലം ഞങ്ങൾ തളർന്നിരിക്കുകയാണ്. ബിജെപി നേതാക്കൾ ഞങ്ങളെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിൽ ജോലി ചെയ്യാൻ എനിക്ക് കഴിയില്ല” – കുമാർ വ്യക്തമാക്കി.
സമീപത്തുള്ള മറ്റ് അഞ്ച് ബൂത്തുകളിൽ ഹിന്ദു വോട്ടർമാരാണ് അധികമെന്നും അവിടെ ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മറ്റ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റൊരു ബൂത്തിലെ ഉദ്യോഗസ്ഥയായ സരസ്വതി മീണയ്ക്കും 158 മുസ്ലിം വോട്ടർമാരുടെ പേര് നീക്കം ചെയ്യാൻ ബി.ജെ.പി ഏജന്റുമാരിൽ നിന്ന് സമ്മർദ്ദമുള്ളതായി റിപ്പോർട്ടുകളുണ്ട്.
നിയമലംഘനം സമ്മതിച്ച് ബിജെപി
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം ഒരു ഏജന്റിന് ഒരു ദിവസം 10 പരാതികളിൽ കൂടുതൽ നൽകാൻ അനുവാദമില്ല. എന്നാൽ താൻ രണ്ട് ദിവസത്തിനുള്ളിൽ 200 ഓളം പരാതികൾ നൽകിയതായി ബിജെപി ഏജന്റ് വിശാൽ സൈനി സമ്മതിച്ചു. അപേക്ഷകളുടെ എണ്ണം 30 കടന്നാൽ മുതിർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കണമെന്ന നിയമം നിലനിൽക്കെയാണ് കീർത്തി കുമാറിന് മേൽ ഇത്ര വലിയ ജോലിഭാരം അടിച്ചേൽപ്പിച്ചിരിക്കുന്നത്.
രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെയാണ് വോട്ടർപട്ടികയിൽ ഇത്തരം ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം ഉയരുന്നത്. ജോലി സമ്മർദ്ദം മൂലം രാജസ്ഥാനിൽ ഇതിനോടകം മൂന്ന് ബി.എൽ.ഒമാർ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സരിത ശർമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.