മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം; ഉദ്ധവ് പക്ഷം രണ്ടാം സ്ഥാനത്ത്
മുംബൈ: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. ആകെയുള്ള 227 സീറ്റുകളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 90 സീറ്റുകളിൽ ബിജെപി ലീഡ് നേടി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 28 സീറ്റുകളിൽ മുന്നിലാണ്. ഇതോടെ മഹായുതി സഖ്യം കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 114 എന്ന സംഖ്യയിലേക്ക് അടുക്കുകയാണ്.
അതേസമയം, താക്കറെ കുടുംബത്തെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണങ്ങൾക്കിടയിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 55ൽ അധികം സീറ്റുകളിൽ ലീഡ് നിലനിർത്തി രണ്ടാം സ്ഥാനത്തുണ്ട്. താക്കറെ ബ്രാൻഡിന് മുംബൈയിൽ ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. രാജ് താക്കറെയുടെ എംഎൻഎസ് 9 സീറ്റുകളിൽ മുന്നിലാണ്. എന്നാൽ കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും ഉൾപ്പെട്ട സഖ്യത്തിന് വൻ തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 143 സീറ്റുകളിൽ വെറും 15 ഇടത്ത് മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്.
ഗുജറാത്തി, മാർവാഡി വോട്ടുകൾ ബിജെപിയിലേക്ക് കേന്ദ്രീകരിച്ചപ്പോൾ മറാത്തി വോട്ടുകൾ വിവിധ പാർട്ടികൾക്കിടയിൽ ഭിന്നിച്ചതാണ് തങ്ങളുടെ മുന്നേറ്റത്തിന് തടസ്സമായതെന്ന് ഉദ്ധവ് പക്ഷം വിലയിരുത്തുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മുംബൈയിൽ ഭരണം പിടിക്കാൻ ഇപ്പോഴും ഷിൻഡെ പക്ഷത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.