അജ്മീര്‍ ദര്‍ഗയ്ക്കുള്ളില്‍ ശിവക്ഷേത്രമെന്ന് വാദം; ഹരജി സ്വീകരിച്ച് രാജസ്ഥാന്‍ കോടതി
ജയ്പ്പൂര്‍: രാജസ്ഥാനിലെ ലോകപ്രസിദ്ധമായ അജ്മീര്‍ ഷരീഫ് ദര്‍ഗ സമുച്ചയത്തിനുള്ളില്‍ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന അവകാശവാദത്തില്‍ ഹരജി സ്വീകരിച്ച് കോടതി. മഹാറാണ പ്രതാപ് സേന ദേശീയ അധ്യക്ഷന്‍ രാജ്വര്‍ധന്‍ സിങ് പര്‍മര്‍ നല്‍കിയ പുതിയ ഹരജിയിലാണ് രാജസ്ഥാന്‍ കോടതി നടപടി സ്വീകരിച്ചത്. കേസ് ഫെബ്രുവരി 21ന് പരിഗണിക്കാനായി മാറ്റി.
ദര്‍ഗയുടെ ഉള്ളില്‍ ശിവലിംഗം ഉണ്ടെന്നും പുരാതന കാലത്ത് ഇവിടെ ആരാധന നടന്നിരുന്നുവെന്നുമാണ് ഹരജിയിലെ പ്രധാന വാദം. ഇതിന് തെളിവായി ഭൂപടങ്ങള്‍, സര്‍വേ രേഖകള്‍, ഫോട്ടോകള്‍ എന്നിവ ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തുടനീളം നടത്തിയ ക്യാമ്പയിനിലൂടെ സമാഹരിച്ച 1.25 ലക്ഷം ആളുകളുടെ സത്യവാങ്മൂലങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പര്‍മര്‍ അറിയിച്ചു.
രാജസ്ഥാന്‍ സര്‍ക്കാര്‍, പുരാവസ്തു വകുപ്പ്, ദര്‍ഗ കമ്മിറ്റി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി. ഇവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സമാനമായ മറ്റൊരു ഹരജി 2024 നവംബര്‍ 27-ന് ഹിന്ദു സേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയും നല്‍കിയിരുന്നു. ദര്‍ഗയ്ക്കുള്ളില്‍ ‘സങ്കട മോചന്‍ മഹാദേവ്’ ക്ഷേത്രം ഉണ്ടെന്നായിരുന്നു അന്നത്തെ ഹരജിയിലെ വാദം. ഈ ഹരജിയും ദര്‍ഗ കമ്മിറ്റി നല്‍കിയ അപേക്ഷയും ഫെബ്രുവരി 21-ന് കോടതി ഒരുമിച്ച് പരിഗണിക്കും.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നടപടിയില്‍ രാജ്വര്‍ധന്‍ സിങ് പര്‍മര്‍ സംതൃപ്തി രേഖപ്പെടുത്തി. നിയമനടപടികളുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാരാണസിയിലെ ഗ്യാന്‍വാപി പള്ളി, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ അജ്മീര്‍ ദര്‍ഗയെ സംബന്ധിച്ചും സമാനമായ അവകാശവാദം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.