ജമാഅത്തെ ഇസ്ലാമി വേദിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ; രാഷ്ട്രീയ പോരിനിടെ ചർച്ചയായി മന്ത്രിയുടെ സന്ദർശനം
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെ സംഘടനയുടെ വേദിയിലെത്തി മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് നടന്ന ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ.കെ. ബാലന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ബിജെപിയും യുഡിഎഫ് -ജമാഅത്ത് ബന്ധത്തെ കടന്നാക്രമിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടേണ്ട ഗതികേട് തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെയാണ് മന്ത്രി അബ്ദുറഹിമാന്റെ വേദി പങ്കിടൽ എന്നത് ശ്രദ്ധേയമാണ്.
നാല് വോട്ടിന് വേണ്ടി യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുന്നു എന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ തന്നെ മുൻപ് പിണറായി വിജയൻ വോട്ട് ചോദിച്ച് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കൾ തിരിച്ചടിച്ചിരുന്നു. ആഭ്യന്തര രാഷ്ട്രീയത്തിൽ തർക്കം മുറുകുന്നതിനിടെ മന്ത്രി സംഘടനയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.