27/01/2026

ആഫ്രിക്കന്‍ സ്വര്‍ണഖനികളിലേക്ക് സൗദിയുടെ വമ്പന്‍ എന്‍ട്രി; സുഡാനുമായി സുപ്രധാന കരാര്‍

 ആഫ്രിക്കന്‍ സ്വര്‍ണഖനികളിലേക്ക് സൗദിയുടെ വമ്പന്‍ എന്‍ട്രി; സുഡാനുമായി സുപ്രധാന കരാര്‍

ഖാര്‍ത്തൂം: ആഫ്രിക്കന്‍ സ്വര്‍ണ വ്യാപാര മേഖലയില്‍ നിര്‍ണായക ചുവടുവെപ്പുമായി സൗദി അറേബ്യ. സുഡാനില്‍നിന്നുള്ള സ്വര്‍ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചതായി സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തിയ മറ്റു രാജ്യങ്ങളുടെ സ്ഥാനത്തേക്കാണ് സൗദി എത്തുന്നത്. സുഡാനുമായുള്ള ഈ പുതിയ സഹകരണം ആഫ്രിക്കന്‍ സ്വര്‍ണ വിപണിയിലെ സമവാക്യങ്ങള്‍ തിരുത്തിയെഴുതുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

റിയാദില്‍ നടന്ന ‘ഫ്യൂച്ചര്‍ മിനറല്‍സ് ഫോറ’ത്തിനിടെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. സൗദി വ്യവസായ-ഖനന വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറയേഫും സുഡാന്‍ ഖനന മന്ത്രി നൂര്‍ അല്‍-ദായെം താഹയും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ധാരണയായത്. സുഡാനിലെ സ്വര്‍ണം ശുദ്ധീകരിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളുള്ള സൗദി ഗോള്‍ഡ് റിഫൈനറി സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇതുവരെ സുഡാന്‍ തങ്ങളുടെ സ്വര്‍ണ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിച്ചിരുന്നത് മറ്റു രാജ്യങ്ങളെയായിരുന്നു. എന്നാല്‍, പുതിയ നീക്കത്തിലൂടെ കൂടുതല്‍ സുതാര്യവും ലാഭകരവുമായ വിപണി കണ്ടെത്താനാണ് സുഡാന്‍ ലക്ഷ്യമിടുന്നത്.

2025-ല്‍ സുഡാന്‍ 70 ടണ്ണോളം സ്വര്‍ണം ഉല്‍പ്പാദിപ്പിച്ചിരുന്നുവെങ്കിലും, അതില്‍ വെറും 20 ടണ്‍ മാത്രമാണ് ഔദ്യോഗികമായി കയറ്റുമതി ചെയ്യപ്പെട്ടത്. ബാക്കിയുള്ളവ കള്ളക്കടത്തിലൂടെ നഷ്ടപ്പെടുകയായിരുന്നുവെന്ന് സുഡാന്‍ ധനമന്ത്രി ജിബ്രില്‍ ഇബ്രാഹിം വെളിപ്പെടുത്തിയിരുന്നു. സൗദിയുമായുള്ള പുതിയ കൂട്ടുകെട്ട് കള്ളക്കടത്ത് തടയാനും ഖനന മേഖലയെ നിയമാനുസൃതമായ പാതയിലേക്ക് കൊണ്ടുവരാനും സഹായിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയപരമായ മാനങ്ങളും ഈ നീക്കത്തിനുണ്ടെന്ന് കരുതുന്നവരുണ്ട്.

സുഡാനിലെ ഖനന മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ക്കും സൗദി അറേബ്യ പദ്ധതിയിടുന്നുണ്ട്. സ്വര്‍ണത്തിന് പുറമെ ടാല്‍ക്ക്, മൈക്ക, ക്രോം, മാംഗനീസ് തുടങ്ങിയ വ്യാവസായിക ധാതുക്കളുടെ പര്യവേഷണത്തിനും സൗദി കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് ചര്‍ച്ചയിലുണ്ട്.

ആഫ്രിക്കയിലെ പ്രകൃതിവിഭവങ്ങളുടെ വിപണിയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള സൗദി അറേബ്യയുടെ തന്ത്രപരമായ നീക്കമായാണ് ഇതിനെ കാണുന്നത്. മേഖലയില്‍ പുതിയൊരു സ്വര്‍ണ വ്യാപാര ഹബ്ബ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സൗദി അറേബ്യ അടുക്കുന്നത്. സുഡാനെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ഖനന ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കാനും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ സഹകരണം വലിയ മുതല്‍ക്കൂട്ടാകും.

Also read: