ഇറാൻ കലാപത്തിനിടയിൽ ഇസ്രയേൽ സൈന്യത്തിലെ ‘യൂനിറ്റ് 8200’ന്റെ രഹസ്യനീക്കം; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക
ഇറാന്‍ കലാപത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍, എമിലി ഷ്റാഡര്‍
തെഹ്‌റാൻ/തെൽ അവീവ്: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായിരിക്കെ, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമുള്ള ഇസ്രയേലിന്റെ ഗൂഢനീക്കങ്ങൾ പരസ്യമായി വെളിപ്പെടുത്തി ഇസ്രയേലി മാധ്യമപ്രവർത്തക. ആക്ടിവിസ്റ്റ് കൂടിയായ എമിലി ഷ്റാഡർ ആണ് ഇറാനിലെ കലാപങ്ങൾക്കു പിന്നിലെ ഇസ്രയേൽ കരങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ ‘അണ്ടർഗ്രൗണ്ട്’ സംഘങ്ങളും ഇസ്രയേൽ സൈന്യത്തിലെ എലൈറ്റ് രഹസ്യാന്വേഷണ വിഭാഗമായ ‘യൂനിറ്റ് 8200’-ലെ മുൻ അംഗങ്ങളും ചേർന്ന് ഒരു രഹസ്യ സഖ്യം രൂപീകരിച്ചതായാണ് എമിലിയുടെ വെളിപ്പെടുത്തൽ.
ഇറാനിലെ ആശയവിനിമയ സംവിധാനങ്ങളും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെ പിടി അയക്കാൻ, സമാന്തരമായ ഡിജിറ്റൽ-സാമ്പത്തിക ശൃംഖലകൾ സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് എമിലി എക്സിൽ പരസ്യമായ പോസ്റ്റും പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എമിലി ഷ്റാഡർ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ ഭരണകൂടം ജനങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന രണ്ട് പ്രധാന മാർഗങ്ങളായ ആശയവിനിമയ സംവിധാനങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെ തകർത്ത്, പുതിയൊരു ഡിജിറ്റൽ-സാമ്പത്തിക അടിത്തറ നിർമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അവർ അവകാശപ്പെടുന്നത്. ഭരണകൂടം വീഴുന്നതിന് മുമ്പ് ഒരു ജി-7 രാജ്യത്തിന് സമാനമായ ഡിജിറ്റൽ, സാമ്പത്തിക ഇൻഫ്രാസ്ട്രക്ചർ നിർമിക്കുകയാണ് ലക്ഷ്യമെന്നും എമിലി ചൂണ്ടിക്കാട്ടുന്നുണ്ട്.
‘ഇസ്രയേലി പ്രൊപ്പഗാൻഡിസ്റ്റ്’ എന്ന നിലയിൽ വാര്‍ത്തകളില്‍ നിറയാറുള്ള ആക്ടിവിസ്റ്റ് കൂടിയാണ് എമിലി ഷ്റാഡർ. ഇറാനെതിരെ നിരന്തരം യുദ്ധാഹ്വാനം നടത്തുന്ന വ്യക്തിയാണ് എമിലി. ഇറാനിയൻ ഭരണകൂടത്തിന്റെ ടെലിവിഷൻ ചാനലായ ഐആർഐബിയിൽ ബോംബിടണമെന്ന് ഇവർ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ചും രംഗത്തെത്തിയിരുന്നു.
ഇറാനിലെ പ്രതിഷേധങ്ങളിൽ ഇസ്രയേലിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ‘ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും,’ എന്ന് മൊസാദ് നേരത്തെ പേർഷ്യൻ ഭാഷയിൽ ട്വീറ്റ് ചെയ്തിരുന്നു. കലാപത്തിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ ശരീരത്തിൽനിന്ന് ഇസ്രയേലി നിർമിത വെടിയുണ്ടകൾ കണ്ടെത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തതും വലിയ ചർച്ചയായിട്ടുണ്ട്.