കടലിൽ തീമഴ പെയ്യുമോ? യുഎസ് പടക്കപ്പലുകൾക്കെതിരെ ഇറാൻ പദ്ധതിയിടുന്നത് ‘ഡ്രോൺ സാച്ചുറേഷൻ അറ്റാക്ക്’; തടുക്കാന്‍ കഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്
വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, മേഖലയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന അമേരിക്കൻ നാവികസേനാ വ്യൂഹത്തിന് കനത്ത വെല്ലുവിളിയായി ഇറാന്റെ ‘ഡ്രോൺ പട’ മാറുമെന്ന് മുന്നറിയിപ്പ്. അത്യാധുനികമായ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന സ്ട്രൈക്ക് ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇറാൻ ചെലവ് കുറഞ്ഞ ഡ്രോണുകളുടെ കൂട്ട ആക്രമണം നടത്തിയേക്കാമെന്നാണ് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കനേഡിയൻ ഡ്രോൺ കമ്പനി ‘ഡ്രാഗൺഫ്‌ലൈ’യുടെ സിഇഒയും ഡ്രോൺ യുദ്ധമുറകളിലെ വിദഗ്ധനുമായ കാമറോൺ ചെല്ല് നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഇറാന്റെ പക്കലുള്ളത് ചെലവ് കുറഞ്ഞതും എന്നാൽ മാരകമായതുമായ ആയിരക്കണക്കിന് ഡ്രോണുകളാണ്. ‘ഇറാന്റെ ഡ്രോൺ ശേഷി അത്ര നിസ്സാരമല്ല. വിലകുറഞ്ഞ പോർമുനകൾ ഘടിപ്പിച്ച ഈ ഡ്രോണുകൾ ഉപയോഗിച്ച് അത്യാധുനികമായ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെപ്പോലും മറികടക്കാൻ അവർക്ക് സാധിക്കും,’ അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
‘വിലകുറഞ്ഞ പോർമുനകൾ, ചെലവ് കുറഞ്ഞ റിമോട്ട് കണ്ട്രോൾഡ് വിമാനങ്ങളിൽ ഘടിപ്പിച്ച്, അത്യാധുനിക സൈനിക സംവിധാനങ്ങൾക്ക് വെല്ലുവിളിയുണ്ടാക്കുന്ന ഫലപ്രദമായ ‘ക്രമരഹിതമായ യുദ്ധമുറ’ (Asymmetric threat) ആണ് ഇറാൻ വികസിപ്പിച്ചിരിക്കുന്നത്,’ അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ആധുനികമായ ഡ്രോണുകൾക്ക് പകരം, താരതമ്യേന ലളിതമായ സാങ്കേതികവിദ്യയിലുള്ള നൂറുകണക്കിന് ഡ്രോണുകൾ ഒരേസമയം തൊടുത്തുവിട്ടുകൊണ്ടുള്ള ‘സാച്ചുറേഷൻ അറ്റാക്ക്'(Saturation Attack) ആണ് ഇറാന്റെ രീതി. പരമ്പരാഗത പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ എല്ലാം തടുക്കാനായെന്ന് വരില്ല.
‘കുറഞ്ഞ സമയത്തിനുള്ളിൽ നൂറുകണക്കിന് ഡ്രോണുകൾ വരുമ്പോൾ അതിൽ ചിലതെങ്കിലും പ്രതിരോധം ഭേദിച്ച് ലക്ഷ്യം കാണുമെന്ന് ഉറപ്പാണ്. ഇത്തരം ആക്രമണങ്ങളെ നേരിടാൻ പാകത്തിലല്ല ആധുനിക പ്രതിരോധ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇറാനു സമീപം പ്രവർത്തിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ എളുപ്പമുള്ള ലക്ഷ്യങ്ങളാണ്. റഡാറുകളിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന, വലിപ്പമേറിയതും സാവധാനം സഞ്ചരിക്കുന്നതുമായ കപ്പലുകളെ ലക്ഷ്യമിട്ട് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്ന ‘വൺ-വേ സ്‌ട്രൈക്ക്’ ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.’-അദ്ദേഹം ചൂണ്ടിക്കാട്ടി.
കാറ്റഗറി ഒന്ന്, രണ്ട് വിഭാഗത്തിൽപ്പെട്ട ചെലവ് കുറഞ്ഞതും എണ്ണത്തിൽ കൂടുതൽ ഉത്പാദിപ്പിക്കാവുന്നതുമായ ഡ്രോണുകളുടെ കാര്യത്തിൽ ഇറാന് വലിയ മേൽക്കൈയുണ്ട്. എന്നാൽ, കാറ്റഗറി മൂന്ന് സംവിധാനങ്ങളുടെ കാര്യത്തിൽ ഇറാൻ അമേരിക്കയെക്കാൾ പതിറ്റാണ്ടുകൾ പിന്നിലാണെന്നും ചെല്ല് ചൂണ്ടിക്കാട്ടി.
ഇറാന്റെ ആഭ്യന്തര കലാപങ്ങളുടെയും മേഖലയിലെ അസ്ഥിരതയുടെയും പശ്ചാത്തലത്തിൽ വൻ സൈനിക സന്നാഹമാണ് അമേരിക്ക ഒരുക്കുന്നത്. എഫ്-15 യുദ്ധവിമാനങ്ങളുടെ ഒരു സ്‌ക്വാഡ്രണും, ഭാരമേറിയ സൈനിക ഉപകരണങ്ങളുമായി സി-17 വിമാനങ്ങളും ഇതിനകം മേഖലയിൽ എത്തിക്കഴിഞ്ഞു. യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയിട്ടുണ്ടെങ്കിലും, സെൻട്രൽ കമാൻഡിന്റെ പരിധിയിലേക്ക് ഔദ്യോഗികമായി കടന്നിട്ടില്ലെന്ന് യുഎസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽപട ആക്രമണ സജ്ജമാകുമെന്നാണ് സൂചന.