ലാന്‍ഡിങ്ങിന് രണ്ടാം ശ്രമം, റഡാറില്‍ നിന്ന് അപ്രത്യക്ഷം: പിന്നാലെ ചിന്നിച്ചിതറി തീഗോളമായി വിമാനം; ദുരന്തത്തിന്റെ അവസാന നിമിഷങ്ങള്‍ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിയോഗത്തിനിടയാക്കിയ വിമാനാപകടത്തിന്റെ വിവരങ്ങൾ പുറത്ത്. പൂനെ ബാരാമതി വിമാനത്താവളത്തിൽ രണ്ടാം വട്ടം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. വിഎസ്ആർ വെഞ്ചേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബോംബാർഡിയർ ലിയർജെറ്റ് 45 (VT-SSK) വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഫ്ലൈറ്റ് റാഡർ വിവരങ്ങൾ പ്രകാരം, രാവിലെ 8.10ന് മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 8.30ഓടെ ബാരാമതിയിൽ ആദ്യ ലാൻഡിങ് ശ്രമം നടത്തിയിരുന്നു. എന്നാൽ ദൃശ്യപരത കുറവായതിനാൽ ഈ ശ്രമം പരാജയപ്പെട്ടു. തുടർന്ന് 8.42ഓടെ രണ്ടാമതും ലാൻഡിങിനായി താഴ്ന്നു പറന്ന വിമാനം, നാല് മിനിറ്റുകൾക്ക് ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 8.45ഓടെ റൺവേ 11നിൽ വെച്ച് വിമാനം കത്തിയമർന്നു.
റൺവേയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഏകദേശം 100 അടി ഉയരത്തിൽ വെച്ച് വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. നിലത്തിടിച്ച ഉടൻ തന്നെ വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു. അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, അറ്റൻഡന്റ്, പൈലറ്റുമാരായ സുമിത് കപൂർ, സാംഭവി പഥക് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാർ വിമാനം നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചിരുന്നതായാണ് സൂചന.
അപകടകാരണം സംബന്ധിച്ച് വ്യോമയാന മന്ത്രാലയവും (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും ദൃശ്യപരതയിലെ കുറവുമാണ് പ്രാഥമികമായി സംശയിക്കുന്നത്. വിമാനം പൂർണമായും സുരക്ഷിതമായിരുന്നുവെന്നും ജീവനക്കാർ പരിചയസമ്പന്നരായിരുന്നുവെന്നും വിഎസ്ആർ വെഞ്ചേഴ്‌സ് അധികൃതർ വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ.
കമ്പനിയുടെ മുൻപത്തെ അപകടം
2010ൽ നിർമ്മിച്ച വിമാനത്തിന് മുൻപ് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇതേ കമ്പനിയുടെ മറ്റൊരു ലിയർജെറ്റ് 45 വിമാനം 2023 സെപ്റ്റംബറിൽ മുംബൈ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് കനത്ത മഴയെത്തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി പിളരുകയായിരുന്നു.