‘അസം തേയില ഇനി യൂറോപ്പിലേക്ക്’; വോട്ടർമാരെ ലക്ഷ്യമിട്ട് അമിത് ഷായുടെ പ്രഖ്യാപനം
ദിസ്പൂർ: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) അസമിലെ തേയില വ്യവസായത്തിന് പുത്തൻ ഉണർവേകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദിബ്രുഗഡിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കരാറിലൂടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അസം തേയിലയുടെ കയറ്റുമതി തീരുവ പൂജ്യം ശതമാനമായി മാറുമെന്നും ഇത് കർഷകർക്ക് വലിയ ലാഭം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇനി 27 യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രഭാത കപ്പുകളിൽ അസമിലെ ചായ എത്തും,’ എന്ന് ഷാ പറഞ്ഞു. ലോകത്തെ പ്രധാന തേയില ഉൽപ്പാദന കേന്ദ്രമായ അപ്പർ അസമിലെ വോട്ടർമാരെ സ്വാധീനിക്കാൻ പുതിയ നീക്കം നിർണ്ണായകമാകും. നിലവിൽ ശ്രീലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മത്സരത്തെ മറികടക്കാൻ സീറോതാരിഫ് ആനുകൂല്യം ഇന്ത്യയെ സഹായിക്കും.
തെരഞ്ഞെടുപ്പ് തന്ത്രം
അസം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, തേയിലത്തോട്ട തൊഴിലാളികളെയും അഹോം സമുദായത്തെയും ഒപ്പം നിർത്താനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്. രാജ്യത്തെ മൊത്തം തേയില ഉൽപ്പാദനത്തിന്റെ പകുതിയിലധികം നൽകുന്ന അസമിലെ തോട്ടം തൊഴിലാളികൾക്ക് ഭൂമി ഉടമസ്ഥാവകാശം നൽകുന്നതുൾപ്പെടെയുള്ള ക്ഷേമപദ്ധതികളും റാലിയിൽ ചർച്ചയായി. വികസന മുദ്രവാക്യത്തിനൊപ്പം ആഗോള വ്യാപാര നേട്ടങ്ങൾ കൂടി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാനാണ് ഭരണപക്ഷം ലക്ഷ്യമിടുന്നത്.