02/03/2026
[fontresizer_tawhidurrahmandear_widget]

‘പരിശോധന നിയമപരം; സമ്മർദമില്ലെന്ന് റോയ് എഴുതി നൽകി’- വിശദീകരണവുമായി ആദായനികുതി വകുപ്പ്, അന്വേഷണം സിഐഡിക്ക്

 ‘പരിശോധന നിയമപരം; സമ്മർദമില്ലെന്ന് റോയ് എഴുതി നൽകി’- വിശദീകരണവുമായി ആദായനികുതി വകുപ്പ്, അന്വേഷണം സിഐഡിക്ക്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് ആദായനികുതി വകുപ്പ് രംഗത്ത്. റോയിയുടെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണ്ണമായും നിയമപരമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദവും ഉണ്ടായിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. വ്യാഴാഴ്ച മൊഴി രേഖപ്പെടുത്തിയപ്പോൾ തനിക്ക് പരാതികളൊന്നുമില്ലെന്ന് റോയ് എഴുതി നൽകിയിരുന്നതായും, മരണദിവസം അദ്ദേഹത്തെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുത്തതെന്നും വകുപ്പ് വിശദീകരിക്കുന്നു.

അതേസമയം, സംഭവത്തിൽ കർണാടക പോലീസ് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കി. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് റോയിയുടെ ഡയറിയും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് റോയിയുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. റോയിക്ക് സാമ്പത്തിക ബാധ്യതകളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.

സംഭവദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം മുറിയിൽ കയറി വാതിലടച്ച റോയ് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് കമ്പനി ഡയറക്ടർ ടി.ജെ. ജോസഫ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം സംസ്‌കാരം നാളെ നടക്കും.

Also read: