07/03/2026
[fontresizer_tawhidurrahmandear_widget]

സൗദി-ഒമാൻ നാവിക സേനകളുടെ സംയുക്ത മിസൈൽ പരിശീലനം ആരംഭിച്ചു

 സൗദി-ഒമാൻ നാവിക സേനകളുടെ സംയുക്ത മിസൈൽ പരിശീലനം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയും ഒമാനും സംയുക്തമായി നടത്തുന്ന ‘വിൻഡ്‌സ് ഓഫ് പീസ് 2026’ നാവിക അഭ്യാസം ഒമാൻ കടലിൽ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് അഭ്യാസപ്രകടനങ്ങൾക്ക് തുടക്കമായത്. തത്സമയ മിസൈൽ പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ പരിശീലന പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കപ്പൽ പാതകൾ സംരക്ഷിക്കുന്നതിനും ഇരുസേനകളെയും സജ്ജമാക്കുകയാണ് ഈ അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിയർ അഡ്മിറൽ മുഹമ്മദ് അൽഒതൈബി അറിയിച്ചു. പത്ത് യുദ്ധക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ, റോയൽ ഒമാൻ എയർഫോഴ്‌സ്, പ്രത്യേക സുരക്ഷാ യൂണിറ്റുകൾ എന്നിവ അഭ്യാസത്തിൽ പങ്കുചേരുന്നുണ്ട്. സെയ്ദ് ബിൻ സുൽത്താൻ നാവിക താവളത്തിലും ഒമാൻ കടലിലുമായി അത്യാധുനിക നാവിക പ്രവർത്തനങ്ങളുടെ സിമുലേഷനുകൾ നടപ്പിലാക്കും.

നേരത്തെ, കഴിഞ്ഞ വർഷം ഏപ്രിലിൽ സൗദിയിലെ കിങ് ഫൈസൽ നേവൽ ബേസിൽ വെച്ച് അഭ്യാസത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. പദ്ധതികളുടെ കൃത്യമായ ആസൂത്രണവും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും വഴി സൈനികരുടെ പ്രവർത്തന സന്നദ്ധത വർദ്ധിപ്പിക്കാൻ സംയുക്ത നീക്കം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Also read: