‘മഞ്ഞക്കുറ്റികളുണ്ടാകില്ല, ജനങ്ങളെ ചേർത്തുനിർത്തും’; അതിവേഗ റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്, ഓഫീസ് തുറന്നു
മലപ്പുറം: മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാത പദ്ധതിക്ക് ഔദ്യോഗിക തുടക്കം. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി പൊന്നാനിയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ. ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചത്. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനും ആശയവിനിമയത്തിനുമാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുന്നതെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.
കെറെയിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ പദ്ധതിയിൽ ‘മഞ്ഞക്കുറ്റികൾ’ ഉണ്ടാകില്ലെന്നും അടയാളപ്പെടുത്തലുകൾ മാത്രമായിരിക്കും നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഉപദ്രവിച്ചുകൊണ്ട് ഒരു പദ്ധതിയും നടപ്പിലാക്കില്ല. ഫെബ്രുവരി 15 മുതൽ മലപ്പുറം ജില്ലയിൽ വിശദീകരണ യോഗങ്ങൾ ആരംഭിക്കും. തുടർന്ന് പാത കടന്നുപോകുന്ന മറ്റ് ജില്ലകളിലും ജനങ്ങളുമായി സംവദിക്കും. ഏപ്രിലിൽ ഫീൽഡ് വർക്കുകൾ ആരംഭിക്കാനാണ് തീരുമാനം. 22 സ്‌റ്റേഷനുകളുള്ള പാതയ്ക്ക് 20 മീറ്റർ വീതി മാത്രമാണ് ഭൂമി ആവശ്യമായി വരുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന സർക്കാരിനെ ഇപ്പോൾ അറിയിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റെടുക്കുന്ന ഭൂമിക്ക് ഉയർന്ന വില നൽകുമെന്നും അതുകൊണ്ട് തന്നെ ജനങ്ങൾ സ്വമേധയാ ഭൂമി വിട്ടുനൽകാൻ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ഇ. ശ്രീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജൂണിന് മുൻപായി ഫീൽഡ് വർക്കുകൾ പൂർത്തിയാക്കി സർവേ നടപടികളിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്.