02/03/2026
[fontresizer_tawhidurrahmandear_widget]

തമിഴകത്ത് നിന്നെത്തി മലയാളിയുടെ ഹൃദയം കവർന്ന സംഗീത മാന്ത്രികൻ; തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കർ

 തമിഴകത്ത് നിന്നെത്തി മലയാളിയുടെ ഹൃദയം കവർന്ന സംഗീത മാന്ത്രികൻ; തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കർ

ലയാള ചലച്ചിത്ര ലോകത്ത് സുവർണസംഗീതകാലം തീർത്ത പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന് വിട. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു. മലയാളത്തിന് എന്നും ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഗാനങ്ങളിലൂടെയാണ് അദ്ദേഹം
പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ചത്. ‘കിലുക്കം’, ‘മിന്നാരം’, ‘സ്ഫടികം’, ‘ധ്രുവം’, ‘ദേവാസുരം’, ‘ഹിറ്റ്‌ലർ’ തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ ഒട്ടനവധി ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായിരുന്നു. പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സിനിമയുടെ ആത്മാവ് തൊട്ടറിയുന്ന ഈണങ്ങൾ കൊണ്ടാണ് ശ്രദ്ധേയനായത്.

തമിഴകത്ത് നിന്നെത്തി മലയാളിയുടെ ഹൃദയം കവർന്ന ഈ സംഗീത മാന്ത്രികൻ, മലയാള സിനിമയുടെ സുവർണ കാലഘട്ടമായ 1980-1990ളിൽ ചലച്ചിത്ര- സംഗീത രംഗത്തെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. നൂറ്റമ്പതിലേറെ മലയാളചിത്രങ്ങൾക്കായി അദ്ദേഹം ഈണമൊരുക്കി. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് എസ്.പി. വെങ്കിടേഷ് മലയാളികളുടെ പ്രിയങ്കരനായി മാറുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മലയാള സിനിമയിൽ ഒരു പുതിയ തരംഗത്തിന് തന്നെ തുടക്കമിട്ടു.

1955ൽ തമിഴ്‌നാട്ടിൽ ജനിച്ച അദ്ദേഹം, 1971ൽ വിജയഭാസ്‌കർ എന്ന സംഗീത സംവിധായകന്റെ കീഴിൽ ഗിറ്റാറിസ്റ്റായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് രാഘവൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രഗത്ഭർക്കൊപ്പം മാൻഡലിൻ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. ഡെന്നിസ് ജോസഫ്, തമ്പി കണ്ണന്താനം എന്നിവരുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ മലയാളത്തിൽ കൂടുതൽ സജീവമാക്കിയത്.

പശ്ചാത്തല സംഗീതത്തിലൂടെ സിനിമയുടെ ഗതി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. ദൗത്യം, ഇന്ദ്രജാലം, മാന്ത്രികം, നാടോടി എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ഹിറ്റ് ചാർട്ടുകൾ. ‘പൈതൃകം’ എന്ന സിനിമയിലെ ഗാനങ്ങൾക്ക് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് എസ്.പി. വെങ്കിടേഷിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്. മലയാളി മറക്കാത്ത സ്പടികത്തിലെ ഓടക്കുഴലൂതിയെത്തുന്ന’ഓർമ്മകൾ’എന്ന ഗാനം പോലെ അദ്ദേഹം ഇനിയും സംഗീത മനസുകളിൽ തുടരും.

Also read: