മാസവരുമാനം 25 ലക്ഷം; സ്ത്രീധനമായി വാങ്ങിയത് 71 ലക്ഷം രൂപയും 47 ലക്ഷത്തിന്റെ സ്വർണവും, വിവാദത്തിൽ കുരുങ്ങി പ്രമുഖ യൂട്യൂബർ
ന്യൂഡൽഹി: വിവാഹത്തിന് ‘ദാനം’ എന്ന പേരിൽ കോടികളുടെ ആസ്തി സ്ത്രീധനമായി സ്വീകരിച്ച പ്രമുഖ യൂട്യൂബർ അരുൺ പൻവാറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. 2.4 ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള പൻവാർ, തന്റെ വിവാഹ ചടങ്ങിൽ 71 ലക്ഷം രൂപ പണമായും 47ലക്ഷത്തിന്റെ സ്വർണവും സ്വീകരിക്കുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്.
യൂട്യൂബിൽ നിന്ന് മാത്രം പ്രതിമാസം 20 മുതൽ 25 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരാൾ, ‘ദാനം’ (സമ്മാനം) എന്ന പേരിൽ പെൺവീട്ടുകാരിൽ നിന്ന് ഇത്ര വലിയ തുക വാങ്ങിയത് സാമൂഹിക തിന്മയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്. 1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം ഇന്ത്യയിൽ ഇത്തരം ഇടപാടുകൾ നിയമവിരുദ്ധമാണെന്നിരിക്കെ, ഇതിനെ ‘സമ്മാനം’ എന്ന് വിളിച്ച് വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്ന് വിമർശകർ ആരോപിക്കുന്നു.
വിദ്യാസമ്പന്നരായ ആളുകൾ പോലും ഇത്തരത്തിൽ സ്ത്രീധന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് സോഷ്യൽമീഡിയയിലെ പ്രധാന വിമർശനം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ആരോപണങ്ങളോട് അരുൺ പൻവാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.