02/03/2026
[fontresizer_tawhidurrahmandear_widget]

‘കേന്ദ്ര ഏജൻസികളെ ഭയന്ന് നിക്ഷേപകർ പിന്മാറി’; സി.ജെ റോയിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം

 ‘കേന്ദ്ര ഏജൻസികളെ ഭയന്ന് നിക്ഷേപകർ പിന്മാറി’; സി.ജെ റോയിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറ് മാസമായി അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു. ദുബൈയിലും കേരളത്തിലുമുള്ള റിയൽ എസ്‌റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയസിനിമാ മേഖലകളിൽ നിന്നുള്ള പ്രമുഖർ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നതായാണ് വിവരം.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം റോയിയിലേക്ക് നീങ്ങുമെന്ന് ഭയന്ന ചില നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടത് അദ്ദേഹത്തെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. പല സാമ്പത്തിക ഇടപാടുകളുടെയും കൃത്യമായ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാകാം അദ്ദേഹം കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. നിക്ഷേപകരുടെ വിശദാംശങ്ങൾ അടങ്ങിയ കുറിപ്പുകൾ ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 30ന് ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ രേഖകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റോയിയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. എന്നാൽ, മരണത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ നിലവിൽ ബെംഗളൂരുവിൽ തുടർന്ന് അന്വേഷണം നടത്തിവരികയാണ്.

Also read: