റെയ്ഡിന് പിന്നാലെ റോയ് വിഷാദരോഗത്തിന് ചികിത്സ തേടി; കർണാടക എസ്‌ഐടി കൊച്ചിയിലേക്ക്
ബെംഗളൂരു: സി.ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക പ്രത്യേക അന്വേഷണ സംഘം (SIT) കൊച്ചിയിലേക്ക്. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ തേടിയാണ് സംഘം കേരളത്തിലെത്തുന്നത്. റെയ്ഡിന് പിന്നാലെ റോയി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
ബെംഗളൂരുവിലെ ജയനഗർ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിൽ നാലു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളും ചില പ്രൊജക്ടുകളിൽ നേരിട്ട തിരിച്ചടികളും റോയിയെ വലിയ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി.
ബാങ്ക് വായ്പകളില്ലാതെ എങ്ങനെയാണ് വലിയ പ്രൊജക്ടുകൾക്ക് പണം കണ്ടെത്തിയിരുന്നത് എന്നതിനെക്കുറിച്ച് എസ്‌ഐടി വിശദമായ പരിശോധന നടത്തും. കൊച്ചിയിലെത്തി കോൺഫിഡന്റ് ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും സംഘം തെളിവുകൾ ശേഖരിക്കും. ആദായ നികുതി വകുപ്പിന്റെ നടപടികളിലേക്ക് നയിച്ച കാരണങ്ങളും അന്വേഷണ പരിധിയിലുണ്ട്.